എബോള; കോംഗോയിൽ 131 മരണം, 513 പേർക്ക് രോഗബാധ

കോംഗോ- ഉഗാണ്ട അതിർത്തിയിൽ യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്ന ആരോഗ്യ പ്രവർത്തകർ. photo credit: AFP / BADRU KATUMBA
കിൻഷാസ : കിഴക്കൻ കോംഗോയിൽ എബോള വ്യാപനം രൂക്ഷമാകുന്നു. രോഗം ബാധിച്ച് ഇതുവരെ 131പേർ മരിച്ചതായും 513 പേർക്ക് രോഗബാധയുണ്ടായതായും കോംഗോ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്ത് മഹാമാരി വ്യാപിച്ചിട്ടും സർക്കാരിന്റെ പ്രതികരണം വരാത്തതിൽ വിമർശനമുയരുന്നതിനിടെയാണ് ആരോഗ്യമന്ത്രാലയം കണക്കുകൾ പുറത്തുവിട്ടത്. 513 കേസുകളും 131 മരണങ്ങളും ബാധിത പ്രദേശങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എല്ലാ മരണങ്ങളും എബോള ബാധയെത്തുടർന്നാണോയെന്ന് സംശയമുണ്ടെന്നും കൃത്യമായ കണക്കിനായി അന്വേഷണം തുടരുകയാണെന്നും ആരോഗ്യ മന്ത്രി സാമുവൽ റോജർ കാംബ പറഞ്ഞു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഞായറാഴ്ച കോംഗോയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ചയാണ് രോഗവ്യാപനം ആദ്യം സ്ഥിരീകരിച്ചത്. എബോള രോഗത്തിന്റെ അപൂർവ വകഭേദമായ ബുണ്ടിബുഗ്യോ വൈറസാണ് കോംഗോയിലെ വ്യാപനത്തിന് കാരണമെന്ന് ആരോഗ്യ അധികൃതർ പറയുന്നു. ബുണ്ടിബുഗ്യോ വൈറസിന് നിലവിൽ അംഗീകൃത വാക്സിനുകളോ മരുന്നുകളോ ലഭ്യമല്ല. കോംഗോയിലും ഉഗാണ്ടയിലും 20ലധികം തവണ എബോള വ്യാപനം ഉണ്ടായിട്ടുണ്ടെങ്കിലും ബുണ്ടിബുഗ്യോ വൈറസ് കണ്ടെത്തുന്നത് മൂന്നാം തവണ മാത്രമാണ്. ബുനിയ, നോർത്ത് കിവുവിൻ്റെ വിമത തലസ്ഥാനമായ ഗോമ, മോങ്‌ബ്‌വാലു, ബുട്ടെംബോ, ന്യാകുണ്ടെ എന്നിവിടങ്ങളിലാണ് ഇപ്പോൾ കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്.
പകർച്ചവ്യാധിയുടെ വ്യാപനത്തിൽ ആശങ്കയുണ്ടെന്നും യുഎൻ ആരോഗ്യ ഏജൻസി ചൊവ്വാഴ്ച അടിയന്തര സമിതി വിളിച്ചുകൂട്ടുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.









0 comments