ഇന്ത്യ കൂട്ടായ്മയുടെ റാലിയിൽ പങ്കെടുത്തില്ല: 80ലധികം യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ

ന്യൂഡൽഹി: ഡൽഹി രാംലീല മൈതാനിയിൽ നടന്ന ഇന്ത്യ കൂട്ടായ്മ സംഘടിപ്പിച്ച കൂറ്റൻ റാലിയിൽ പങ്കെടുക്കാതിരുന്ന ഭാരവാഹികളെ സസ്പെൻഡ് ചെയ്ത് യൂത്ത് കോൺഗ്രസ്. ഉത്തരവ് ലംഘിച്ച് വിട്ടുനിന്ന പ്രദേശ്, ജില്ലാ ഭാരവാഹികളടക്കം എൺപതിലധികം പേരെ സസ്പെൻഡ് ചെയ്തു. അച്ചടക്കലംഘനം നടത്തിയവരുടെ എണ്ണം 500 വരെ ഉയർന്നേക്കുമെന്നാണ് വിവരം.
മധ്യപ്രദേശിൽനിന്ന് എൺപതോളം പേരെയും ഹിമാചൽ പ്രദേശിൽനിന്ന് 13 പേരെയും ഹരിയാനയിൽനിന്ന് പത്തുപേരെയുമാണ് ഇതുവരെ സസ്പെൻഡ് ചെയ്തത്. അച്ചടക്കലംഘനം നടത്തിയ മറ്റുള്ളവർക്കെതിരെയും നടപടി തുടരുകയാണെന്ന് നേതൃത്വം വ്യക്തമാക്കി.
റാലിയിൽ മുഴുവൻ ദേശീയ, സംസ്ഥാന, ജില്ലാ ഭാരവാഹികളും നിർബന്ധമായും പങ്കെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് നിർദേശിച്ചിരുന്നു. തുടർന്ന് ഡിജിറ്റൽ സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്താൻ മിന്റോ റോഡിൽ ബാർകോഡ് സ്കാനറുകൾ സ്ഥാപിക്കുകയും ചെയ്തു. സംഘാടനത്തിന് പിന്നാലെ ‘വിത്ത് ഐവൈസി’ എന്ന ഔദ്യോഗിക ആപ്പിലൂടെയാണ് രജിസ്ട്രേഷൻ പരിശോധിച്ചത്.
15,000ത്തോളം പേർ മിന്റോ റോഡിൽ റാലിക്കായി എത്തിയെങ്കിലും 2,831 പേർ മാത്രമാണ് ആപ്പിൽ രജിസ്റ്റർ ചെയ്തത്. സാങ്കേതിക അവബോധമില്ലായ്മയും താൽപ്പര്യമില്ലായ്മയും ഇന്റർനെറ്റ് മന്ദഗതിയുമാണ് രജിസ്ട്രേഷനെ ബാധിച്ചതെന്ന് നേതൃത്വം വിശദീകരിക്കുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഭൂരിഭാഗം നേതാക്കളും കൃത്യമായ കാരണം വ്യക്തമാക്കാതെ റാലിയിൽനിന്ന് വിട്ടുനിന്നതായി കണ്ടെത്തിയത്.
അച്ചടക്കവും ഉത്തരവാദിത്തവും ഉറപ്പാക്കാനാണ് നടപടിയെന്നും ഭാരവാഹിത്വത്തിൽ ഇരുന്നുകൊണ്ട് നിരുത്തരവാദപരമായി പെരുമാറുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് പറഞ്ഞു. സജീവമായി പ്രവർത്തിക്കുന്നവർക്ക് സംഘടനയിൽ അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 10 ലക്ഷം പേർ പങ്കെടുക്കുമെന്നായിരുന്നു കെ സി വേണുഗോപാൽ അവകാശപ്പെട്ടിരുന്നത്.








0 comments