Deshabhimani

വയനാടൻ സുന്ദരി ‘ലാജനാന്ദ്ര അയനെ’; പശ്ചിമഘട്ടത്തിൽ പുതിയ സസ്യം

Lagenandra ayanai New Plant Species.jpg
avatar
സ്വന്തം ലേഖകൻ

Published on Nov 05, 2026, 08:20 AM | 1 min read

ആലപ്പുഴ: വയനാടൻ മലനിരകളിൽ ഒളിഞ്ഞിരുന്ന അപൂർവ സസ്യസുന്ദരിയെ കണ്ടെത്തി ഗവേഷകർ. തൊള്ളായിരംകണ്ടിയിലെ വനമേഖലയിൽ കണ്ടെത്തിയ പുതിയ സസ്യത്തിന് ‘ലാജനാന്ദ്ര അയനെ' എന്നാണ് ശാസ്ത്രനാമം. ‘അയനെ' എന്ന വാക്കിന് സുന്ദരം എന്നാണ് അർഥം. പേരുപോലെ സവിശേഷതകളേറെയുള്ള സസ്യത്തിന്റെ കണ്ടെത്തൽ സസ്യശാസ്ത്രലോകത്തും ചർച്ചയായി. കിണർവാഴ, നീർച്ചെങ്ങഴി, കരിമ്പോള തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ലാജനാന്ദ്ര സസ്യങ്ങൾ ചേമ്പും ചേനയുമൊക്കെ ഉൾപ്പെടുന്ന അരേസീ കുടുംബാംഗങ്ങളാണ്. വെള്ളത്തിലെ മാലിന്യം ആഗിരണംചെയ്ത് ശുദ്ധീകരിക്കാനുള്ള കഴിവാണ് ഇവയെ വേറിട്ടുനിർത്തുന്നത്. ഈ പ്രത്യേകതകൊണ്ടാണ് ഇവയ്ക്ക് കിണർവാഴ എന്ന പേരും ലഭിച്ചത്. ഔഷധഗുണങ്ങൾക്കു പുറമേ അക്വേറിയങ്ങൾ മനോഹരക്കുന്നതിനും ഇവയെ ഉപയോഗിക്കാം.


ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മാത്രം സ്വാഭാവികമായി വളരുന്ന ലാജനാന്ദ്ര വിഭാഗത്തിൽ ആകെ 22 ഇനങ്ങളാണ്‌. ഇതിൽ പത്തെണ്ണവും കേരളത്തിൽ മാത്രം കാണപ്പെടുന്നവയാണ്. അതിനാൽ ഈ സസ്യവിഭാഗത്തിന്റെ പ്രധാന ജനിതക വൈവിധ്യമേഖലയായി കേരളം കണക്കാക്കപ്പെടുന്നു. ആലപ്പുഴ സനാതനധർമ കോളേജിലെ അധ്യാപകൻ ഡോ. ജോസ് മാത്യു, ഗവേഷക ജെ ശരണ്യ, കൽപ്പറ്റ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ സലീം പിച്ചൻ എന്നിവരടങ്ങുന്ന ഗവേഷകസംഘമാണ് പുതിയസസ്യത്തെ കണ്ടെത്തിയത്. ഇതേ സംഘം കഴിഞ്ഞവർഷങ്ങളിലും ലാജനാന്ദ്ര ജനുസിൽപ്പെട്ട രണ്ടു പുതിയസസ്യങ്ങളെ പശ്ചിമഘട്ടത്തിൽനിന്ന് കണ്ടെത്തിയിരുന്നു.


കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ധനസഹായത്തോടെയായിരുന്നു ഗവേഷണം. പുതിയ സസ്യത്തിന്റെ കണ്ടെത്തൽ സംബന്ധിച്ച വിശദമായ ഗവേഷണപ്രബന്ധം അന്താരാഷ്ട്ര ശാസ്ത്രമാസികയായ ഫൈറ്റോടാക്സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home