ദിശ തെറ്റി വന്ന കാർ സ്‌കൂട്ടറിലിടിച്ചു; മേൽപ്പാലത്തിൽ നിന്ന് വീണ് യുവതി മരിച്ചു

പ്രതീകാത്മക ചിത്രം. PHOTO: X
ബംഗളൂരു: ഇരുപതടി ഉയരമുള്ള മേൽപ്പാലത്തിൽ നിന്ന് വീണ് യുവതി മരിച്ചു. ദിശ തെറ്റി വന്ന കാർ യുവതി സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. സ്‌കൂട്ടറിലുണ്ടായിരുന്ന യുവതിയുടെ ഭാർത്താവിന് പരിക്കേറ്റു. കാർ വന്ന് ഇടിച്ചതിനെ തുടർന്ന് മേൽപ്പാലത്തിന്റെ താഴേക്ക് വീണ യുവതിക്ക് സംഭവസ്ഥലത്തുനിന്ന് തന്നെ ജീവൻ നഷ്ടപ്പെട്ടു.
ബംഗളൂരുവിലുള്ള ദേവനഹള്ളി ട്രാഫിക് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബച്ചഹള്ളി ഗേറ്റ് മേൽപ്പാലത്തിലാണ് അപകടമുണ്ടായത്. ബാനസ്‌വാടി സ്വദേശിയായ നേത്രാവതിയാണ് (31) മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് ശിവു റോഡരികിൽ ചായക്കട നടത്തുന്നു. ഇവർക്ക് രണ്ട് മക്കളാണുള്ളത്.
നേത്ര ശസ്‌ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിൽ കഴിയുന്ന നേത്രാവതിയുടെ അമ്മയെ കാണുന്നതിനും, അവിടെ നിന്ന് തങ്ങളുടെ കുട്ടികളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമായി ദമ്പതികൾ ചിക്കബല്ലാപുരിലേക്ക് പോകവെയാണ് അപകടമുണ്ടായത്.
കാർ ഓടിച്ചിരുന്നയാൾ അപകടമുണ്ടായ തൽക്ഷണം തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ദേവനഹള്ളി ട്രാഫിക് പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും, സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. രക്ഷപ്പെട്ട ഡ്രൈവറെ പിടികൂടുന്നതുനായി സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു.








0 comments