സീറ്റുമായി ബന്ധപ്പെട്ട് തർക്കം; മക്കളുടെ മുൻപിലിട്ട് യുവതിയെ ക്രൂരമായി മർദിച്ച് റെയിൽവേ പൊലീസ്

പ്രതീകാത്മക ചിത്രം
മൊറാദാബാദ്: മക്കളുടെ മുൻപിലിട്ട് റെയിൽവേ പൊലീസ് യുവതിയെ ക്രൂരമായി മർദിച്ചതായി പരാതി. ബിഹാർ സ്വദേശിനിയായ റൂബിയാണ് ക്രൂരമർദനത്തിനിരയായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അമ്മയെ മർദനത്തിൽ നിന്നും രക്ഷിക്കുന്നതിനായി മക്കളായ ലക്ഷ്മിയും ഖുഷിയും ഇടപെടുന്നതും പൊലീസുകാരനോട് കരഞ്ഞ് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പൊലീസ് ഉദ്യോഗസ്ഥന്റെ മർദനത്തിൽ യുവതിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. സീറ്റുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
ലളിത്, അജയ് എന്നീ രണ്ട് പൊലീസുകാരാണ് റൂബിയെ മർദിച്ചതെന്നാണ് വിവരം. ബിഹാറിലെ ദർഭംഗയിൽനിന്ന് പഞ്ചാബിലെ അമൃത്സറിലേക്ക് സർവീസ് നടത്തുന്ന ജൻനായക് എക്സ്പ്രസിലാണ് സംഭവം. തിരക്കേറിയ ട്രെയിനിൽ ഒരു സീറ്റിൽ റൂബി കിടന്നുവെന്നും ജനറൽ കോച്ചുകൾ മാത്രമുള്ള ട്രെയിനിൽ നിരവധി യാത്രക്കാർക്ക് സീറ്റ് ലഭിക്കാതെ നിൽക്കേണ്ടി വരികയും ചെയ്തത് ചോദ്യം ചെയ്തത് തർക്കത്തിൽ കലാശിച്ചുവെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം.
പൊലീസുകാർ യുവതിയുടെ മുഖത്ത് തുടരെ അടിക്കുന്നതു കൊണ്ട് യാത്രക്കാരിൽ ചിലർ തടയാൻ ശ്രമിക്കുകയും ചെയ്തു. ഇവരിൽ ചില കസ്റ്റഡിയിലെടുത്തതായാണ് വിവരം. എന്നാൽ റൂബിയും മക്കളും ജിആർപി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തതായി അധികൃതർ ആരോപിക്കുന്നു. സംഭവത്തിൽ 4 സ്ത്രീകൾ ഉൾപ്പടെ ആറുപേർക്കെതിരെ ജിആർപി കേസെടുത്തു. റൂബിയും മക്കളും തങ്ങളെ ആക്രമിക്കുകയും പൊലീസുകാരന്റെ യൂണിഫോം കീറുകയും ചെയ്തതായി ജിആർപി ഉദ്യോഗസ്ഥർ രേഖാമൂലം പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. റൂബി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും പരാതി നൽകി.








0 comments