“ഞങ്ങളും സ്വതന്ത്ര ഇന്ത്യയിലാണ് ജീവിക്കുന്നത്” കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഗീതാഞ്ജലി ആങ്മോ

ലഡാക്ക്: ജനങ്ങളുടെ സാധാരണമായ ആവശ്യങ്ങൾ നിഷേധിക്കപ്പെട്ടതിനെതിരെ പ്രതികരിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലഡാക്ക് പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ഭാര്യയും ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സിന്റെ (HAIL) സിഇഒയുമായ ഗീതാഞ്ജലി ജെ ആങ്‌മോ.
ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണകൂടത്തിന്റെ മാതൃകയിലാണ് ലഡാക്കിലെ ജനങ്ങളോട് പെരുമാറുന്നതെന്നും കേന്ദ്രസർക്കാരിനെതിരെ അവർ രൂക്ഷ വിമർശനം ഉന്നയിച്ചു. സെപ്റ്റംബർ 24 ന് കേന്ദ്രഭരണ പ്രദേശത്ത് നടന്ന പ്രക്ഷോഭത്തിന് ശേഷം ലഡാക്കിലെ ജനങ്ങൾക്കെതിരെ പോലീസ് പീഡനം തുടരുകയാണ്.
"ഇന്ത്യ ശരിക്കും സ്വതന്ത്രമാണോ? 1857-ൽ, രാജ്ഞിയുടെ ഉത്തരവ് പ്രകാരം 24,000 ബ്രിട്ടീഷുകാർ 1,35,000 ഇന്ത്യൻ ശിപായിമാരെ ഉപയോഗിച്ച് 300 ദശലക്ഷം ഇന്ത്യക്കാരെ അടിച്ചമർത്തി. ഇന്ന്, ഒരു ഡസൻ ഭരണാധികാരികൾ 2400 ലഡാക്കി പോലീസിനെ ദുരുപയോഗം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം 3 ലക്ഷം ലഡാക്കികളെ അടിച്ചമർത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നു," ഗീതാഞ്ജലി എക്‌സിൽ എഴുതി.
ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്‌എ) സോനം വാങ്‌ചുകിനെ കസ്റ്റഡിയിലെടുത്ത് ജയിലിൽ അടച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയ എം പിയെ പോലും തടഞ്ഞു. ഇതോടൊപ്പം വാങ്ചുക്കിനെതിരെ പുതിയ കേസുകളും ആരോപണങ്ങളും ഉയർത്തുകയും ചെയ്യുന്നു.

വാങ്‌ചുക് പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് അദ്ദേഹത്തെ തടവറയിൽ തളയ്ക്കാനാണ് ഇപ്പോൾ ശ്രമം. ഇത് ലഡാക്ക് പോലീസ് ആരുടെയോ ഒരു "അജണ്ട"യുമായി പ്രവർത്തിക്കുന്നതിന്റെ ഫലമാണെന്ന് അവർ ആരോപിച്ചു.
"ഡിജിപി എന്ത് പറഞ്ഞാലും, അദ്ദേഹത്തിന് ഈ അജണ്ടയുണ്ട്. ഒരു സാഹചര്യത്തിലും ആറാം ഷെഡ്യൂൾ നടപ്പിലാക്കാൻ അവർ ആഗ്രഹിക്കുന്നില്ല, ആരെയെങ്കിലും ബലിയാടാക്കാൻ അവർ ആഗ്രഹിക്കുന്നു," ഗീതാഞ്ജലി ജെ ആങ്‌മോ കുറിച്ചു.
ഐക്യരാഷ്ട്രസഭയും പാകിസ്ഥാൻ മാധ്യമങ്ങളും സംഘടിപ്പിച്ച കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ പങ്കെടുത്തതിനെയാണ് വാങ് ചുക്കിനെതിരെ ആയുധമാക്കയിരിക്കുന്നത്.
"ഇത് തീർത്തും തെറ്റും നീതീകരിക്കാൻ പറ്റാത്തതുമാണ്. ഞങ്ങൾ അതിനെ പൂർണ്ണമായും അപലപിക്കുന്നു.
ആരെയെങ്കിലും കള്ളക്കേസിൽ കുടുക്കാൻ ഒരു ആഖ്യാനം രൂപീകരിക്കുകയാണ്. സർക്കാർ ചൈനീസ് ടാബ്‌ലെറ്റുകൾ വാങ്ങുമ്പോൾ അതിനെ എതിർത്ത അദ്ദേഹം (വാങ്‌ചുക്ക്) വെടിയുണ്ടകൾ കൊണ്ടല്ല, പണസഞ്ചി ഉപയോഗിച്ച് ചൈനയെ നേരിടണം എന്ന് സംസാരിക്കുകയായിരുന്നു. അത്തരമൊരു വ്യക്തിക്ക് എങ്ങനെ ദേശവിരുദ്ധനാകും?"
"ഫെബ്രുവരിയിൽ, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് യുഎന്നും ഡോൺ മാധ്യമങ്ങളും സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ ഞങ്ങൾ പങ്കെടുത്തു. ഇന്ത്യ ചൈനയുമായി ക്രിക്കറ്റ് കളിച്ചാൽ, കളിക്കാരും ക്രിക്കറ്റ് സംഘടനകളും ദേശവിരുദ്ധരാകുമോ?
ബംഗ്ലാദേശ് മുതൽ അഫ്ഗാനിസ്ഥാൻ വരെയുള്ള എല്ലാ രാജ്യങ്ങൾക്കും വെള്ളം നൽകുന്ന ഹിമാനികളെക്കുറിച്ച് ഒരു സമ്മേളനമായിരുന്നു. അത്തരമൊരു സമ്മേളനത്തിൽ ഒരാൾ പങ്കെടുക്കുകയാണെങ്കിൽ, അയാൾ ഐഎസ്‌ഐ ഏജന്റായിരിക്കുമോ? അതിന് പിന്നിലെ തെളിവ് എന്താണ്? ഒരു പാകിസ്ഥാനി ഇവിടെ പ്രവേശിച്ചുവെന്ന് അവർ ഇപ്പോൾ പറയുന്നു, ഇതിനെല്ലാം ആഭ്യന്തരം മന്ത്രാലയം ഉത്തരം നൽകണം." അവർ ആവശ്യപ്പെട്ടു.
ഗീതാഞ്ജലി ആങ്‌മോ വാങ്‌ചുകിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
വിദ്യർഥികളെയും വേട്ടയാടാൻ പൊലീസ്
ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സിനെയും പൊലീസ് ലക്ഷ്യമാക്കി തുടങ്ങിയിരിക്കയാണ്. സെപ്റ്റംബർ 30 ന് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെക്യൂരിറ്റി ഗാർഡിന് ഒരു കത്ത് ലഭിച്ചതായി ഗീജാഞ്ജലി പറഞ്ഞു. അതിൽ "ലഡാക്കിലെയും കുന്നുകളിലെയും ഫെലോഷിപ്പ് വിദ്യാർത്ഥികളുടെ പട്ടിക, ഫ്യാങ്ങിലെ എച്ച്ഐഎഎൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താമസിക്കുന്ന റെസിഡൻഷ്യൽ സ്റ്റാഫ്, ടീച്ചേഴ്‌സ് ട്രെയിനികൾ എന്നിവരുടെ വിശദാംശങ്ങൾ" പേര്, മാതാപിതാക്കൾ, താമസസ്ഥലം, ഏറ്റവും പുതിയ ഫോട്ടോഗ്രാഫുകൾ എന്നിവ ആവശ്യപ്പെട്ടു. പൊലീസിന്റെ എഫ്‌ഐആർ ഫയൽ ചെയ്ത കോപ്പി സഹിതമായിരുന്നു ആവശ്യ. ഇതിലേക്കുള്ള വിശദാംശങ്ങളാണ് ചോദിച്ചത്.
പരിസ്ഥിതി രംഗത്തെ പ്രവർത്തനങ്ങളെ പോലും ദേശീയ വിരുദ്ധതയുടെ കരിതേക്കാൻ ശ്രമിക്കയാണ്. ഇന്ത്യൻ സൈന്യത്തിനും ലഡാക്കി ജനതയുടെ "ദേശീയത"ക്കും ഫലപ്രദമായ ഷെൽട്ടറുകൾ നിർമ്മിക്കുന്നതിൽ ഭർത്താവിന്റെ സംഭാവനയെ ആങ്മോ ഓ
ർമ്മപ്പെടുത്തി. വാങ് ചുക് സൈന്യത്തിനായി കൊടും തണുപ്പ് നേരിടുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കാവുന്ന തെർമൽ വെയറുകൾ ഡിസൈൻ ചെയ്ത് കൈമാറിയത് ഓർമ്മപ്പെടുത്തിയാണ് അവർ ഇത് പറഞ്ഞത്.
"ലഡാക്കിലെ മണ്ണിന്റെ മകനോട് ഇത്ര മോശമായി പെരുമാറുന്നത് പാപമല്ല, മറിച്ച് ഐക്യദാർഢ്യവും സമാധാനപരമായ സഹവർത്തിത്വവും ഉള്ള ശക്തമായ അതിർത്തികൾ നിർമ്മിക്കുന്നതിനുള്ള തന്ത്രപരമായ പിശകാണ്". എന്നു കൂട്ടിച്ചേർത്തു.









0 comments