വിശ്വാസ വോട്ടെടുപ്പ്
print edition വിജയ് ഇന്ന് വിശ്വാസം തെളിയിക്കും

സി ജോസഫ് വിജയ്
ചെന്നൈ: തമിഴ്‌നാട്ടിൽ സി ജോസഫ് വിജയ്‍യുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് ബുധനാഴ്ച നടക്കും. 107 അംഗങ്ങളാണ് ടിവികെയ്ക്കുള്ളത്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റ്. കോൺഗ്രസ് അഞ്ചും സിപിഐ എം, സിപിഐ, വിസികെ, മുസ്ലിം ലീഗ് എന്നീ പാര്‍ടികളുടെ രണ്ട് വീതം എംഎൽഎമാരും ചേര്‍ന്നാൽ 120 അംഗങ്ങളുടെ പിന്തുണ വിജയ്ക്കുണ്ട്. ഇതുകൂടാതെ എഐഎഡിഎംകെയിലെ 30 വിമത എംഎൽഎമാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എൻഡിഎ മുന്നണിയിലുള്ള ടിടിവി ദിനകരന്റെ എഎംഎംകെയുടെ ഏക എംഎൽഎ എസ് കാമരാജും ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. സ്‍പീക്കര്‍ ജെ സി ഡി പ്രഭാകറിനെ അനുമോദിച്ചുള്ള പ്രസംഗത്തിനിടെയാണ് നിലപാട് പ്രഖ്യാപിച്ചത്. കാമരാജിനെ പാര്‍ടിയിൽനിന്ന് പുറത്താക്കിയതായി ദിനകരന്‍ അറിയിച്ചു. അതിനിടെ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽനിന്ന് തിരുപ്പത്തൂർ മണ്ഡലത്തിൽ ഒരു വോട്ടിന് ജയിച്ച ടിവികെ എംഎൽഎ ആർ ശ്രീനിവാസ സേതുപതിയെ മദ്രാസ് ഹൈക്കോടതി വിലക്കി.
ടിവികെ നേതാവ് ജെസിഡി പ്രഭാകറിനെ നിയമസഭാ സ്‍പീക്കറായും തുറയൂരിൽനിന്നുള്ള ടിവികെ എംഎൽഎ എം രവിശങ്കറിനെ ഡെപ്യൂട്ടി സ്‍പീക്കറായും ഏകകണ്ഠമായി തെരഞ്ഞെടുത്തു. ചെന്നൈയിലെ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽനിന്നുള്ള അംഗമാണ് മുൻ എഐഎഡിഎംകെ നേതാവ് പ്രഭാകര്‍.
സനാതന ധര്‍മം ഇല്ലാതാക്കണം: ഉദയനിധി
ജനങ്ങളെ വിഭജിക്കുന്ന സനാതന ധർമ്മം ഇല്ലാതാക്കണമെന്ന് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ. തമിഴ് ദേശീയഗീതമായ "തമിഴ് തായ് വാഴ്‍ത്തി'നെ പാർശ്വവൽക്കരിക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്നും പ്രതിപക്ഷനേതാവായ ശേഷം സഭയിലെ ആദ്യ പ്രസംഗത്തിൽ പറഞ്ഞു. വിജയ്‍യുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ "തമിഴ് തായ് വാഴ്‍ത്ത്' മൂന്നാമതായി ആലപിച്ചത് ഉദയനിധി ചൂണ്ടിക്കാട്ടി. സനാതന ധര്‍മം ഇല്ലാതാക്കണമെന്ന് 2023-ൽ ഉദയനിധി നടത്തിയ പരാമർശം ബിജെപി വലിയ വിവാദമാക്കിയിരുന്നു. കോടതി കേസുമെടുത്തു. പരാമര്‍ശം ആവര്‍ത്തിച്ചതിനെതിരെ ബിജെപി വീണ്ടും രംഗത്തെത്തി.









0 comments