Deshabhimani

പോക്സോ പ്രതി വീരമണിയുടെ മകൾ കസ്റ്റഡിയിൽ; പിടിയിലായത് സിങ്കപ്പൂരിലേക്ക് പറക്കുന്നതിന് തൊട്ടുമുൻപ്

veeramani
വെബ് ഡെസ്ക്

Published on Oct 24, 2026, 06:42 AM | 1 min read

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഗ്രാനൈറ്റ് വ്യവസായി ആർ വീരമണിയുടെ മകൾ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിൽ. സിംഗപ്പൂരിലേക്കുള്ള വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപാണ് അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം വീരമണിയുടെ മകൾ അർച്ചന വീരമണിയെ (49) കസ്റ്റഡിയിലെടുത്തത്.


വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20നുള്ള ഇൻഡിഗോ വിമാനത്തിൽ സിംഗപ്പൂരിലേക്ക് പോകാനായി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി വിമാനത്തിൽ കയറിയതായിരുന്നു ഇവർ. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിലെത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാരുടെ സഹായത്തോടെ ഇവരെ പുറത്തിറക്കി കസ്റ്റഡിയിലെടുത്തു.


പിതാവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരെ സഹായിച്ചതിനെക്കുറിച്ചും ഇവർക്ക് വിവരങ്ങൾ അറിയാമെന്നാണ് അന്വേഷണ സംഘത്തിന്റെ കരുതൽ. കേസിൽ സാമ്പത്തിക ഇടപാടുകളും സ്വർണ ഇടപാടുകളും അന്വേഷണ ഉദ്യോ​ഗസ്ഥർ പരിശോധിച്ചു വരികയാണ്.


84 കാരനായ വീരമണിക്കെതിരെ പോക്സോ നിയമപ്രകാരം ഏഴ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2004ൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലും ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. വീരമണിയും മറ്റ് സഹായികളും ഇതിനോടകം തന്നെ പുഴൽ സെൻട്രൽ ജയിലിലാണ്. വിദേശത്തേക്ക് കടന്നതായി സംശയിക്കുന്ന മറ്റൊരു സഹായി പ്രകാശ് കണ്ണയ്യയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടീസിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പൊലീസിന് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. 2025 ഒക്ടോബർ 7നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ക്രൂരമായ പീഢനത്തിന്റെ ദൃശ്യങ്ങളാണ് ഇതിലൂടെ പുറത്തെത്തിയത്. പക്ഷേ ദീർഘകാലം കേസ് അന്വേഷണം എങ്ങും എത്തിയില്ല. ഇരകൾ ജീവനൊടുക്കിയതിനാൽ കേസ് തുടരാനാവുന്നില്ല എന്നുവരെ വിശദീകരിച്ചായിരുന്നു പൊലീസ് പിൻമാറ്റം.


കേസ് ഇല്ലാതാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാർ മാധ്യമങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ ഉത്തരവാദിത്തപ്പെട്ട പല തലങ്ങളിൽ ശ്രമങ്ങൾ നടന്നു. ഇവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് തുടക്കത്തിൽ പറഞ്ഞിരുന്നു. കേസുകൾ ഇല്ലാതാക്കാൻ മാത്രം 70 കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോർടുകൾ പുറത്തെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home