യുഎസിൽ ഇന്ത്യൻ വിദ്യാർഥികളുടെ വിസ കൂട്ടത്തോടെ റദ്ദാക്കുന്നു

ന്യൂഡൽഹി:
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥികളുടെ വിസ നിസ്സാര കാരണങ്ങളുടെ പേരിൽ കൂട്ടത്തോടെ റദ്ദാക്കുന്നു. ഇമിഗ്രേഷൻ വിഭാഗം അടുത്തയിടെ റദ്ദുചെയ്‌ത 327 വിദ്യാര്‍ഥി വിസകളിൽ പകുതിയും ഇന്ത്യക്കാരുടേതാണെന്ന് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷൻ (എയ്‌ല) വെളിപ്പെടുത്തി.
ഇന്ത്യക്കാർ കഴിഞ്ഞാൽ ചൈനക്കാരായ വിദ്യാർഥികളുടേതാണ് (14 ശതമാനം) കൂടുതലായി റദ്ദാക്കപ്പെട്ടത്. ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലാദേശ് വിദ്യാർഥികളുടെ വിസകളും റദ്ദാക്കി.
ട്രാഫിക് ലംഘനങ്ങൾ, രേഖകളും മറ്റും സമർപ്പിച്ചതിലെ പാകപ്പിഴകൾ തുടങ്ങിയ കാരണങ്ങളാൽ വിസ റദ്ദാക്കപ്പെട്ടവരുണ്ട്. പലസ്‌തീൻ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ നിലപാട്, സമൂഹമാധ്യമ പരാമർശങ്ങൾ, ആനുകാലികങ്ങളിലും മറ്റും എഴുതിയ ലേഖനങ്ങൾ എന്നിവയാണ് ചിലർക്ക് പ്രശ്‌നമായത്. വിശദീകരണത്തിന് അവസരം നൽകാതെയാണ് നടപടി.
വിഷയത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ ഉപനേതാവ് ജോൺ ബ്രിട്ടാസ് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന് കത്തയച്ചു. വിസ റദ്ദാക്കപ്പെട്ട വിദ്യാർഥികൾക്ക് കോൺസുലാർ സഹായം നല്‍കണമെന്നും അമേരിക്കയെ പ്രതിഷേധം അറിയിക്കണമെന്നും- ബ്രിട്ടാസ് ആവശ്യപ്പെട്ടു. അമേരിക്കയിലുള്ള 11.27 ലക്ഷം വിദേശ വിദ്യാർഥികളിൽ 3.32 ലക്ഷവും ഇന്ത്യക്കാരാണ്.









0 comments