സർക്കാരിനെ വിമർശിച്ചതിന് പരസ്യം നിഷേധിച്ചു
ഇന്ദിരാഗന്ധിയുടെ ചരിത്രം കോൺഗ്രസ് ആവർത്തിക്കുന്നു: രേവന്ത് റെഡ്ഡി സർക്കാരിനെതിരെ മുൻസിഫ് ഡെയിലി എഡിറ്റർ

ഹൈദരാബാദ്: തെലങ്കാനയിലെ രേവന്ത് റെഡ്ഢി സർക്കാരിനെതിരെ പ്രതിഷേധവുമായി ഉറുദു ദിനപത്രമായ ദി മുൻസിഫ് ഡെയ്‌ലി. എഡിറ്റോറിയൽ പേജുകൾ ഒഴിച്ചിട്ട് പത്രം പുറത്തിറക്കിയാണ് പ്രതിഷേധം. കോൺഗ്രസ് സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ച മുൻസിഫ് ഡെയിലിക്ക് ഗവൺമെന്റ് പരസ്യങ്ങൾ നൽകുന്നത് വിലക്കി. ഇതിന് തുടർച്ചയായാണ് പത്രത്തിന്റെ നിലപാടുകൾ വ്യക്തമാക്കുന്ന എഡിറ്റ് പേജുകൾ ഒഴിച്ചിട്ട് പത്രം പുറത്തിറക്കിയത്.
അടിയന്തരാവസ്ഥ കാലത്താണ് അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി പത്രങ്ങൾ എഡിറ്റ് പേജുകൾ ഒഴിച്ചിട്ട് പ്രതിഷേധം രേഖപ്പെടുത്തേണ്ടി വന്നിരുന്നത്.
രേവന്ത് റെഡ്ഡി നയിക്കുന്ന കോൺഗ്രസ് സർക്കാർ കഴിഞ്ഞ ദിവസം രണ്ട് മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. സർക്കാരിന് കീഴിൽ കർഷകർക്ക് ഒരു ക്ഷേമവുമില്ലെന്ന് പറയുന്ന കർഷകന്റെ വീഡിയോ പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അവരുടെ യൂട്യൂബ് ചാനൽ അടച്ച് മുദ്രവെക്കുകയും ചെയ്തു. ഇതോടൊപ്പം സർക്കാരിനെ വിമർശിച്ച് പ്രതികരണം നൽകിയ കർഷകന് എതിരെയും കേസ് എടുക്കയും ചെയ്തു.
"കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടന്ന വർഗീയ കലാപ സംഭവങ്ങൾ ഞങ്ങൾ തുറന്നുകാട്ടി. പോലീസിന്റെ പരാജയങ്ങളും സംസ്ഥാനത്തിന്റെ നിഷ്‌ക്രിയത്വവും എടുത്തുകാണിച്ചു. വിവാഹമോചിതരായ സ്ത്രീകൾക്കുള്ള സ്റ്റൈപ്പന്റ് നൽകാത്തതിലെ പ്രതിഷേധവും പുറത്തു കൊണ്ടുവന്നു. ഇതൊക്കെയാണ് പ്രതികാര നടപടിക്ക് കാരണമായത്. ഇന്ദിരാഗാന്ധിയുടെ ചരിത്രം കോൺഗ്രസ് ആവർത്തിക്കുകയാണെന്നും- മുൻസിഫ് ഡെയിലി എക്സിക്യൂട്ടീവ് എഡിറ്റർ ആതർ മോയിൻ പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ഉറുദു പത്രമാണ് മുൻസിഫ് ഡെയിലി.
പത്ര പരസ്യങ്ങൾക്കുള്ള ചെലവ് സർക്കാർ കുറച്ചിട്ടുണ്ടെന്നും, അത് ആർക്ക് നൽകണം എന്നത് സർക്കാരിന്റെ പ്രത്യേക അവകാശം ആണെന്നുമാണ് കോൺഗ്രസ് വക്താവ് ഇതിനെ ന്യായീകരിച്ചത്.









0 comments