print edition മധ്യപ്രദേശിലും ഏക സിവിൽകോഡ്

ന്യൂഡൽഹി: മധ്യപ്രദേശിലും ഏക സിവിൽ കോഡ് നടപ്പാക്കാൻ സംസ്ഥാന ബിജെപി സർക്കാർ ഒരുങ്ങുന്നു. ഞായറാഴ്‌ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ബിൽ പരിഗണിക്കും. തിങ്കളാഴ്‌ച ആരംഭിക്കുന്ന നിയമസഭയുടെ വർഷകാല സമ്മേളനം ബിൽ ചർച്ചയ്‌ക്കെടുക്കും. ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം നിയമസഭകൾ ഏക സിവിൽ കോഡ് ബിൽ നേരത്തെ പാസാക്കിയിരുന്നു. ഉത്തരാഖണ്ഡിൽ 2025 ജനുവരി മുതൽ ഇത് നിലവിലുണ്ട്.
പുതിയ സിവിൽ കോഡ് പ്രകാരം ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നവർക്ക് മധ്യപ്രദേശിൽ ജീവിക്കാൻ നിയമരപമായ അവകാശമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചു. ഒരു രാജ്യവും ഒരു ഭരണഘടനയും ഒരു രാഷ്ട്രത്തലവനും ഒരു പതാകയുമുള്ള രാജ്യത്ത് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും വെവ്വേറെ നിയമത്തിന്റെ ആവശ്യമില്ലെന്ന് മോഹൻ യാദവ് പറഞ്ഞു.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനായി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി മുൻ ജഡ്‌ജി രഞ്‌ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിക്ക് സംസ്ഥാന സർക്കാർ നേരത്തെ രൂപം നൽകിയിരുന്നു. വിവാഹിതരാകാതെ തന്നെ ഒന്നിച്ചു കഴിയുന്നവരും (ലിവിങ് ടുഗതർ ) നിർബന്ധമായും രജിസ്‌റ്റർ ചെയ്യണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്.









0 comments