Deshabhimani

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ആൺകുട്ടികള്‍ തടാകത്തിൽ മരിച്ച നിലയിൽ

tamilnadu
വെബ് ഡെസ്ക്

Published on Nov 16, 2026, 04:14 PM | 1 min read

ചെന്നൈ: മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്തുള്ള തോട്ടപ്പാടിയിലാണ് സംഭവം. മീൻ പിടിക്കാൻ പോയ സഹോദരങ്ങളും സുഹൃത്തും ഉൾപ്പെടെ മൂന്ന് ആൺകുട്ടികളെ തിങ്കളാഴ്ച രാവിലെയാണ് തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെയാണ് കുട്ടികൾ മീൻ പിടിക്കാനായി പോയത്.


ഇമ്മാനുവൽ (11), സാം എബ്രഹാം (9), രാജ (14) എന്നിവരാണ് മരിച്ചത്. ഇമ്മാനുവലും സാം എബ്രഹാമും സഹോദരങ്ങളാണ്. രാജ ഇവരുടെ സുഹൃത്തായിരുന്നു. മൂവരും ഒരുമിച്ചാണ് പ്രദേശത്തെ തടാകത്തിൽ മീൻ പിടിക്കാൻ പോയത്. കുട്ടികൾ വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ ആശങ്കയിലായ വീട്ടുകാർ തെരച്ചിൽ ആരംഭിച്ചിരുന്നു.


തുടർന്ന് ഞായറാഴ്ച വൈകുന്നേരം പോലീസിൽ പരാതി നൽകുകയും പൊലീസ് തെരച്ചിൽ ഊർജിതമാക്കുകയും ചെയ്തു. ഒടുവിൽ തിങ്കളാഴ്ച രാവിലെയാണ് കുട്ടികളുടെ മൃതദേഹങ്ങൾ തടാകത്തിൽ നിന്നും കണ്ടെത്തിയത്. അഗ്നിരക്ഷാസേന എത്തി പുറത്തെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി കള്ളക്കുറിച്ചി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


മീൻ പിടിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ വെള്ളത്തിൽ വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഫോറൻസിക് പരിശോധനയും മറ്റ് ശാസ്ത്രീയ അന്വേഷണ നടപടികളും പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home