Deshabhimani

സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യപ്രശ്നങ്ങളും; സഹായം തേടിയ നടൻ ശരദ് കപൂറിനെ സന്ദര്‍ശിച്ച് സോനു സൂദ്

SHARAD KAPOOR SONU SOOD
വെബ് ഡെസ്ക്

Published on Nov 16, 2026, 04:27 PM | 1 min read

മുംബൈ: സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യപ്രശ്നങ്ങളും കാരണം സഹായം അഭ്യർഥിച്ച ബോളിവുഡ് നടൻ ശരദ് കപൂറിനെ നേരിൽക്കണ്ട് നടൻ സോനു സൂദ്. തിങ്കളാഴ്ച മുംബൈയിൽവച്ചാണ് സോനു സൂദ് ശരദിനെ സന്ദർശിച്ചത്. കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കിടപ്പിലാണെന്നും സാമ്പത്തികമായി കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും വെളിപ്പെടുത്തി ശരദ് കപൂർ അടുത്തിടെ സഹായം അഭ്യർഥിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സോനു സൂദ് അദ്ദേഹത്തെ കാണാനെത്തിയത്. സിനിമയിൽ വീണ്ടും അവസരം ലഭിക്കാൻ സഹായിക്കണമെന്നും ജോലി ചെയ്ത് സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനാണ് ആഗ്രഹിക്കുന്നതെന്നും ശരദ് വ്യക്തമാക്കിയിരുന്നു.


സാമ്പത്തികമായും മാനസികമായും സഹായം ആവശ്യമാണെന്നും സിനിമയിലെ മുതിർന്ന താരങ്ങളെ ഏറെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും ശരദ് കപൂർ വീഡിയോയിൽ പറഞ്ഞു. കുടുംബാംഗങ്ങൾ ഇടയ്ക്കിടെ ഫോണിൽ ബന്ധപ്പെടുന്നതല്ലാതെ കാര്യമായ പിന്തുണ ലഭിക്കുന്നില്ലെന്നും നടൻ വെളിപ്പെടുത്തി. മസ്തിഷ്കസംബന്ധമായ ആരോഗ്യപ്രശ്നങ്ങളും കാലിന് പരിക്കേറ്റതും ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ കഴിഞ്ഞ രണ്ടുവർഷത്തോളമായി ശരദ് നേരിടുന്നുണ്ടെന്ന് സുഹൃത്ത് ഹേമ ചൗധരി അറിയിച്ചു.


ബുദ്ധിമുട്ട് നേരിടുന്ന സഹപ്രവർത്തകനൊപ്പം നിൽക്കാൻ തയ്യാറായ സോനു സൂദിന്റെ നടപടിക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദനം ലഭിക്കുന്നുണ്ട്.

1996ൽ പുറത്തിറങ്ങിയ ദസ്തക് എന്ന ചിത്രത്തിലൂടെയാണ് ശരദ് കപൂർ സിനിമയിലെത്തിയത്. ഷാരൂഖ് ഖാനും ഐശ്വര്യ റായിയും അഭിനയിച്ച ജോഷ് എന്ന ചിത്രത്തിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ പ്രകടനത്തിന് ഫിലിംഫെയർ പുരസ്കാര നാമനിർദേശവും ലഭിച്ചിരുന്നു. ലക്ഷ്യ, ജയ് ഹോ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home