'പാർടിയെ പിന്നിൽ നിന്ന് കുത്തി; വഞ്ചകരെ പഞ്ചാബ് ജനത മറക്കില്ല'; സഞ്ജയ് സിങ്

എഎപി വക്താവും എംപിയുമായ സഞ്ജയ് സിങ് വാർത്താസമ്മേളനത്തിൽ
ന്യൂഡൽഹി: ആം ആദ്മി പാർടിയുടെ ഏഴ് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നത് പഞ്ചാബിലെ ജനങ്ങളോടും പാർടിയോടും ചെയ്ത ക്രൂരമായ ചതിയാണെന്ന് എഎപി വക്താവും എംപിയുമായ സഞ്ജയ് സിങ്. ബിജെപിയുടെ 'ഓപ്പറേഷൻ ലോട്ടസി'ന് വഴങ്ങി കൂറുമാറിയവർ വഞ്ചകരാണെന്നും ഇവരുടെ പേരുകൾ പഞ്ചാബിലെ ജനങ്ങൾ ഓർത്തുവെക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പഞ്ചാബിലെ ജനങ്ങളെ ബിജെപി വീണ്ടും ചതിച്ചുവെന്ന് എഎപി നേതാവ് അരവിന്ദ് കേജ്രിവാളും പ്രതികരിച്ചു.
രാഘവ് ഛദ്ദയെയും സന്ദീപ് പഥക്കിനെയും പോലുള്ളവരെ എഎപിയാണ് കൈപിടിച്ചുയർത്തിയതെന്നും സഞ്ജയ് സിങ് പറഞ്ഞു. "രാഘവ് ഛദ്ദയെ പാർടി എംഎൽഎയും എംപിയുമാക്കി. പഞ്ചാബിലെ ജനങ്ങൾ വലിയ സ്നേഹമാണ് അദ്ദേഹത്തിന് നൽകിയത്. എന്നാൽ ഇപ്പോൾ അദ്ദേഹം ബിജെപിയുടെ മടിത്തട്ടിലാണ്. എഎപി രാജ്യസഭയിലെത്തിച്ച സ്വാതി മാലിവാളും അശോക് മിത്തലും ഹർഭജൻ സിങ്ങും ജനങ്ങളെ പിന്നിൽ നിന്ന് കുത്തി. സ്ഥാനമാനങ്ങൾ നൽകിയ പാർടിയെ ഒറ്റിക്കൊടുത്തവരെ കാലം മാപ്പുനൽകില്ല"- സഞ്ജയ് സിങ് പ്രതികരിച്ചു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ബിജെപി ഈ രാഷ്ട്രീയ അട്ടിമറി നടത്തിയത്. അശോക് മിത്തലിനെതിരെ നടന്ന ഇഡി റെയ്ഡ് ഇതിന്റെ വ്യക്തമായ സൂചനയായിരുന്നു. ഭയപ്പെടുത്തിയും ഭരണസംവിധാനം ദുരുപയോഗം ചെയ്തും ജനവിധിയെ അട്ടിമറിക്കാനാണ് നരേന്ദ്ര മോദിയും അമിത് ഷായും ശ്രമിക്കുന്നത്. പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള 'വിലകുറഞ്ഞ രാഷ്ട്രീയ കളി'യാണിതെന്നും അദ്ദേഹം ആരോപിച്ചു.
പഞ്ചാബിലെ കർഷകരെ ദ്രോഹിച്ചവർക്കൊപ്പമാണ് ഏഴ് എംപിമാർ കൈകോർത്തത്. "കർഷകർക്കെതിരെ മൂന്ന് നിയമങ്ങൾ കൊണ്ടുവന്നവരുടെ പാർടിയാണത്. ഇലക്ടറൽ ബോണ്ട് വഴി ലക്ഷക്കണക്കിന് കോടിയുടെ അഴിമതി നടത്തിയവർക്കൊപ്പം ചേർന്നാണോ നിങ്ങൾ സത്യത്തിന് വേണ്ടി പോരാടുന്നത്?" എന്നും അദ്ദേഹം ചോദിച്ചു. കൂറുമാറിയ ഏഴ് പേരും പഞ്ചാബിലെ ജനങ്ങളെ സേവിക്കുന്ന സർക്കാരിനെ തകർക്കാനാണ് ഇപ്പോൾ ബിജെപിക്കൊപ്പം ചേർന്നിരിക്കുന്നതെന്നും സഞ്ജയ് സിങ് കൂട്ടിച്ചേർത്തു.











0 comments