ടിസിഎസിലെ പിരിച്ചുവിടൽ ; സർക്കാർ നടപടിയെടുക്കണമെന്ന് ട്രേഡ് യൂണിയനുകൾ

ന്യൂഡൽഹി
ടാറ്റ കൺസൾട്ടൻസി സർവീസസിൽ(ടിസിഎസ്) നിന്ന് നാൽപ്പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടതിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് കർണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടു. കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ(കെഐടിയു), അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് (എഐടിഇ) കേരള, യൂണിയൻ ഓഫ് ഐടി ആൻഡ് ഐടിഇഎസ് എംപ്ലോയീസ് (യുണൈറ്റ്) -തമിഴ്നാട് എന്നീ സംഘടനകളാണ് സംയുക്തമായി ആവശ്യം ഉന്നയിച്ചത്.
ടിസിഎസിന്റെ റിപ്പോർട്ടനസുരിച്ച് ആകെ 38,255 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇതേ കാലയളവിൽത്തന്നെ ടിസിഎസ് 65,799 കോടി രൂപയുടെ വരുമാനവുമുണ്ടാക്കിയിട്ടുണ്ട്. വലിയ വരുമാനമുണ്ടാക്കിയിട്ടും ഇത്രയധികം പേരെ പിരിച്ചുവിട്ട നടപടി ഭയാനകമാണ്. 32,255 പേർ സ്വമേധയാ രാജിവെച്ചതായാണ് കന്പനിയുടെ അവകാശവാദം. അതായത് 6,000 ജീവനക്കാരെ പിരിച്ചുവിട്ടതായി പരസ്യമായി സമ്മതിക്കുന്നതിലൂടെ ഇൻഡസ്‌ട്രിയൽ ഡിസ്‌പ്യൂട്ട് ആക്‌ടിന്റെ ലംഘനം ടിസിഎസ് തന്നെ സമ്മതിക്കുകയാണ്. രാജ്യത്തെ നിയമം സംരക്ഷിക്കാൻ സർക്കാർ വിഷയത്തിൽ ഉടൻ ഇടപെടണം. മുഴുവൻ ഐടി ജീവനക്കാരും പ്രത്യേകിച്ച് ടിസിഎസ് ജീവനക്കാർ ഇൗ നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനം തുറന്നുകാട്ടനുള്ള യൂണിയനുകളുടെ പ്രവർത്തനത്തിൽ പങ്കുചേരണമെന്നും അഭ്യർഥിക്കുന്നു– സംയുക്ത പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.







0 comments