നിർമ്മിത ബുദ്ധി കടന്നു കയറുന്നു, അഞ്ച് ലക്ഷം അവസരങ്ങൾ കുറയുമെന്ന് പഠനം

ന്യൂഡൽഹി: ഇന്ത്യൻ ഔട്ട്‌സോഴ്‌സിംഗ് ഭീമനായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ 12,000-ത്തിലധികം ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ഐടി തൊഴിൽ മേഖലയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. തങ്ങളുടെ തൊഴിലാളികളുടെ 2% കുറയ്ക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഏകദേശം 12,200 മിഡിൽ, സീനിയർ മാനേജ്‌മെന്റ് ജോലികൾ നീക്കപ്പെടും.
ടിസിഎസിന് പിന്നാലെ മറ്റ് കമ്പനികളും അണിചേർന്ന് 283 ബില്യൺ ഡോളർ മൂല്യമുള്ള മേഖലയിൽ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ക്രമികമായി അഞ്ച് ലക്ഷം അവസരങ്ങൾ ഇല്ലാതാക്കും. നിർമ്മിത ബുദ്ധി സാധ്യതകൾ പ്രയോജനപ്പെടുത്തി മനുഷ്യശേഷി വിഭവ ബാധ്യത ചുരുക്കുകയാണ്. മത്സരക്ഷമത വർധിപ്പിക്കയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. അടിസ്ഥാന കോഡിംഗ് മുതൽ മാനുവൽ ടെസ്റ്റിംഗ്, ഉപഭോക്തൃ പിന്തുണ എന്നിങ്ങനെ മേഖലകളിൽ എഐ പകരം വരികയാണ്.
2025 മാർച്ച് വരെ ഐടിയും അനുബന്ധവുമായ ഈ മേഖല 5.67 ദശലക്ഷം ആളുകളെ ജോലിക്കെടുത്തിരുന്നു. ഇന്ത്യയുടെ ജിഡിപിയുടെ 7%-ത്തിലധികം വരും. ഈ മേഖലയിലേക്കാണ് എഐ കടന്നു കയറുന്നത്.
ഉപഭോക്തൃസ്ഥാപനങ്ങളുടെയും ഇടപാടുകാരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തതിനാൽ ഏകദേശം 400,000 മുതൽ 500,000 വരെ പ്രൊഫഷണലുകളെ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആവശ്യമില്ലാതാവും എന്നാണ് ടെക് മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ അൺഎർത്ത്ഇൻസൈറ്റിന്റെ സ്ഥാപകൻ ഗൗരവ് വാസുവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇവരിൽ എഴുപത് ശതമാനവും നാല് മുതൽ 12 വർഷം വരെ പ്രവർത്തി പരിചയമുള്ളവരാണ്. പുതിയതായി ഈ മേഖലയിലേക്ക് എത്തുന്നവരെയും ഇത് ബാധിക്കും.
ടിസിഎസിൽ മാത്രം പിരിച്ചുവിടലും വെട്ടിക്കുറയ്ക്കലും ആരംഭിക്കുന്നതിന് മുമ്പ് 6,13,000-ത്തിലധികം തൊഴിലാളികളുണ്ടായിരുന്നു. എഐ ഉപയോഗിച്ച് ഭാവി മത്സരങ്ങളിലേക്ക് സജ്ജമാവുക എന്നാണ് കമ്പനികൾ തൊഴിൽ വെട്ടിക്കുറയ്ക്കലിനെ വിശേഷിപ്പിക്കുന്നത്.
ഇപ്പോഴും ശക്തമായ മാനുഷിക സ്പർശം ആവശ്യമുള്ള നിരവധി കരിയറുകളുണ്ട് - സഹാനുഭൂതി, സർഗ്ഗാത്മകത, പ്രായോഗിക കഴിവുകൾ അല്ലെങ്കിൽ വൈകാരിക ബുദ്ധി എന്നിവ പോലെ AI-ക്ക് ആവർത്തിക്കാൻ കഴിയാത്ത കാര്യങ്ങൾ ആവശ്യമുള്ള മേഖലകൾ. ഇത് ഐടി വ്യവസായത്തിന് അകത്തും നിലനിൽക്കുന്നുണ്ട്. എഐക്ക് തരംഗത്തിൽ ഇത്തരം മേഖലകൾ തളർച്ചയില്ലാതെ നിലനിൽക്കുമെന്ന് സാങ്കേതികവിദ്യ, ഡാറ്റ, മനുഷ്യ പെരുമാറ്റം എന്നീ മേഖലകൾ തമ്മിലെ ബന്ധങ്ങൾ പഠിക്കുന്ന പ്രതീക് കിതാനിയ പറയുന്നു.
ഏറ്റവും ആദ്യം ബാധിക്കാൻ സാധ്യതയുള്ള മേഖലകളെയും പ്രതീക് കിതാനിയ വേർതിരിക്കുന്നു. കോൾ സെന്റർ ഏജന്റുമാർ,അടിസ്ഥാന അക്കൗണ്ടിംഗ്/ബുക്ക് കീപ്പിംഗ്,ടിക്കറ്റ് ഏജന്റുമാർ/ട്രാവൽ ക്ലാർക്കുകൾ,ലീഗൽ അസിസ്റ്റന്റുമാർ (പതിവ് ഡ്രാഫ്റ്റിംഗ്),ടെലിഫോൺ ഓപ്പറേറ്റർമാർ,റീട്ടെയിൽ ടാസ്‌ക്കുകൾ ചെയ്യുന്ന ഫിനാൻസ്/ഇൻഷുറൻസ് അണ്ടർറൈറ്റർമാർ,ആവർത്തിച്ചുള്ള ജോലികൾ ചെയ്യുന്ന കോഡർമാർ,ജൂനിയർ മാർക്കറ്റിംഗ് ഗവേഷകർ,ഉപഭോക്തൃ സേവന പ്രതിനിധികൾ,ഐടിയിലെ അടിസ്ഥാന ക്യുഎ ടെസ്റ്റർമാർ,വ്യാഖ്യാതാക്കൾ/വിവർത്തകർ,മാർക്കറ്റിംഗ് അനലിറ്റിക്സ് (പ്രെഡിക്റ്റീവ് റിപ്പോർട്ടിംഗ് ഓട്ടോമേഷൻ)എഴുത്തുകാർ/രചയിതാക്കൾ (അടിസ്ഥാന ഉള്ളടക്കം)സിഎൻസി ടൂൾ പ്രോഗ്രാമർമാർ,ഡാറ്റ എൻട്രി ക്ലാർക്കുകൾ,ഡാറ്റ ശാസ്ത്രജ്ഞർ,എച്ച്ആർ സ്ക്രീനിംഗ് റോളുകൾ,വെബ് ഡെവലപ്പർമാർ,വെയർഹൗസ് സ്റ്റോക്കർമാർ എന്നിങ്ങനെയാണ് വേർതിരിക്കുന്നത്.








0 comments