സ്കൂൾ വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം, നഗര പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ച് തമിഴ് നാട്

ചെന്നൈ: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി നഗരപ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ച് തമിഴ് നാട് സർക്കാർ. മുഖ്യമന്ത്രി എം കെ സ്റ്റാലിനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ചേർന്ന് കുട്ടികൾക്ക് ഭക്ഷണം വിളമ്പി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പദ്ധതിയുടെ അഞ്ചാം ഘട്ടമായാണ് വിപുലീകരണം. 2,429 സ്‌കൂളുകളിലായി 3.06 ലക്ഷം കുട്ടികൾക്ക് കൂടി ഇതോടെ പ്രഭാത ഭക്ഷണം ലഭിക്കും. സംസ്ഥാനത്ത് 37,416 സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി പഠിക്കുന്ന 20.59 ലക്ഷം കുട്ടികൾ മുഖ്യമന്ത്രിയുടെ സൗജന്യ പ്രഭാതഭക്ഷണ പദ്ധതിയുടെ കീഴിൽ വരുന്നു.
പൊങ്കൽ, കിച്ച്ഡി, ഉപ്പുമാവ് എന്നിവ കേന്ദ്രീകൃത അടുക്കളയിൽ പാകം ചെയ്ത് വാനുകളിൽ സ്‌കൂളുകളിലേക്ക് കൊണ്ടുപോകുന്ന രീതിയാണ് പരീക്ഷിക്കുന്നത്. ഒരു നൂറ്റാണ്ട് മുമ്പ് ചെന്നൈയിലെ ജസ്റ്റിസ് പാർട്ടി ഭരണകാലത്ത് കോർപ്പറേഷൻ നടത്തുന്ന സ്‌കൂളിൽ ആദ്യമായി ഭക്ഷണം നൽകിയിരുന്ന കാര്യം സ്റ്റാലിൻ ഓർമ്മിപ്പിച്ചു.
ഇതിന് തുടർച്ചയായി അന്തരിച്ച മുഖ്യമന്ത്രി കെ കാമരാജിന്റെ കാലത്താണ് (1956-57) ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിയത്. ഡിഎംകെ സർക്കാർ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചു. 2022 സെപ്റ്റംബർ 15 നായിരുന്നു തുടക്കം.
ആദ്യ ഘട്ടത്തിൽ, 545 സ്‌കൂളുകളിലെ 1,14,095 കുട്ടികൾക്ക് പ്രയോജനം ലഭിച്ചു, തുടർന്ന് പദ്ധതി ക്രമേണ വികസിപ്പിച്ചു.
600 കോടി രൂപയുടെ വാർഷിക ചെലവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനെ ഒരു ചെലവായി വിശേഷിപ്പിക്കുന്നില്ല. ഇതൊരു മികച്ച സാമൂഹിക നിക്ഷേപമാണ്. ഭാവിയിൽ തമിഴ് സമൂഹത്തിന് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതും പലമടങ്ങ് നേട്ടങ്ങൾ കൊണ്ടുവരുന്നതുമായ ഒരു നിക്ഷേപമാണിത് എന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചാബിൽ സമാനമായ ഒരു പദ്ധതി അവതരിപ്പിക്കുന്നത് പരിഗണിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. പഞ്ചാബിൽ സമാനമായ പദ്ധതി രൂപപ്പെടുന്ന ദിവസത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു" എന്നും പറഞ്ഞു.









0 comments