താലിബാൻ വിദേശമന്ത്രിയുടെ ഡൽഹി വാർത്താസമ്മേളനത്തിൽ വനിതകൾക്ക് വിലക്ക്

ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന്റെ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വനിത മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാത്തതിൽ വ്യാപക പ്രതിഷേധം. അഫ്‌ഗാനിസ്ഥാൻ എംബസിയിൽ വെള്ളിയാഴ്‌ച ഉച്ചയ്‌ക്കുശേഷമായിരുന്നു വാർത്താസമ്മേളനം. വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയശേഷമാണ് മുതഖി വാർത്താസമ്മേളനത്തിന് എത്തിയത്. വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതിൽ ഇന്ത്യക്ക് പങ്കില്ലെന്ന് വിദേശമന്ത്രാലയം പ്രതികരിച്ചു.
മുംബൈയിലെ അഫ്‌ഗാനിസ്ഥാൻ കോൺസുലർ ജനറലാണ് വാർത്താസമ്മേളനത്തിലേയ്‌ക്ക് മാധ്യമപ്രവർത്തകരെ ക്ഷണിച്ചതെന്ന് വിദേശമന്ത്രാലയം പറയുന്നു. അങ്ങേയറ്റം സ്‌ത്രീവിരുദ്ധവും ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾക്ക് അപമാനപരവുമാണ് ഇൗ സംഭവമെന്ന് വിമർശം ഉയർന്നു. പ്രതിഷേധസൂചകമായി പുരുഷ മാധ്യമപ്രവർത്തകർ വാർത്താസമ്മേളനം ബഹിഷ്‌കരിക്കേണ്ടിയിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പ്രകടനം വന്നു. സ്‌ത്രീകളോട് ഇത്രയും അവഹേളനം കാട്ടുന്ന താലിബാൻ സംഘത്തെയാണ് കേന്ദ്രസർക്കാർ പൂർണ സംരക്ഷണത്തോടെ സ്വീകരിച്ച് ആനയിക്കുന്നതെന്ന് മാധ്യമപ്രവർത്തക സുഹാസിനി ഹൈദർ കുറിച്ചു.
അട്ടിമറി വഴി അഫ്‌ഗാനിസ്ഥാനിൽ 2021ൽ അധികാരം പിടിച്ചെടുത്ത താലിബാന്റെ ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പ്രതിനിധിയാണ് മുത്തഖി. സ്‌ത്രീകളെയും പെൺകുട്ടികളെയും അഫ്‌ഗാനിസ്ഥാനിൽ അടിച്ചമർത്തുകയാണെന്ന് ഇൗയിടെ യുഎൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസം പോലും സ്‌ത്രീകൾക്ക് നിഷേധിക്കുകയാണ്.









0 comments