യുഎൻ വിലക്ക് നീക്കിയില്ല ; താലിബാൻ മന്ത്രിയുടെ ഇന്ത്യാ സന്ദർശനനീക്കം പാളി

ന്യൂഡൽഹി
മോദി സർക്കാരിന്റെ ക്ഷണപ്രകാരം ഇന്ത്യ സന്ദർശിക്കാനുള്ള താലിബാൻ വിദേശമന്ത്രി അമീർ ഖാൻ മുത്താഖിയുടെ നീക്കം പാളി. യുഎൻ രക്ഷാസമിതിയുടെ യാത്രാവിലക്കാണ് മുത്താഖിയുടെ സന്ദർശനത്തിന് തടസ്സമായത്. ഇളവ് അനുവദിക്കണമെന്ന താലിബാൻ അഭ്യർഥന ഫലം കണ്ടില്ല. അന്ധമായ മതശാസനകളുടെ പേരിൽ സ്‌ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ അടിച്ചമർത്തുന്ന താലിബാനുമായി അടുത്ത നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് മോദി സർക്കാർ.
ഇളവ് ലഭിച്ചിരുന്നെങ്കിൽ ഇന്ത്യ സന്ദർശിക്കുന്ന ആദ്യ താലിബാൻ മന്ത്രിയാകുമായിരുന്നു മുത്താഖി. ജനുവരിയിൽ ദുബായിൽ മുത്താഖിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും കൂടിക്കാഴ്‌ച നടത്തിയിരുന്നു. അഫഗാനിൽ താലിബാൻ ഭരണം പിടിച്ചശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്‌ചയായിരുന്നു ഇത്. പിന്നീട് മെയ് മാസത്തിൽ വിദേശമന്ത്രി എസ് ജയ്‌ശങ്കർ മുത്താഖിയുമായി ഫോൺസംഭാഷണം നടത്തി. ഇതിന്റെ തുടർച്ചയായിരുന്നു ഇന്ത്യ സന്ദർശനം.
നിലവിൽ യുഎൻ രക്ഷാസമിതിയുടെ ഉപരോധവിഭാഗം സമിതിയെ നയിക്കുന്ന പാകിസ്ഥാനാണ് മുത്താഖിയുടെ യാത്രാവിലക്കിന് പിന്നിലെന്നാണ് മോദി സർക്കാരിന്റെ ആക്ഷേപം. എന്നാൽ കഴിഞ്ഞമാസം പാകിസ്ഥാൻ സന്ദർശിക്കാനുള്ള മുത്താഖിയുടെ ശ്രമം അമേരിക്കയുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.









0 comments