print edition ഏക സിവിൽകോഡിനെ പിന്തുണച്ച് സുപ്രീംകോടതി

ന്യൂഡൽഹി: മുസ്ലിം വനിതകൾക്ക് തുല്യ അവകാശങ്ങൾ ഉറപ്പാക്കാൻ ഏക സിവിൽകോഡാണ് ശരിയായ ഉത്തരമെന്ന് സുപ്രിംകോടതി. വിവേചനം അവസാനിപ്പിക്കാൻ 1937ലെ മുസ്ലിം വ്യക്തിനിയമം (ശരീഅത്ത്) റദ്ദാക്കുന്നതിന് പകരം ഏക സിവിൽകോഡ് നടപ്പാക്കണോയെന്നത് പാർലമെന്റിന്റെ പരിഗണനയ്‌ക്ക് വിടുന്നതല്ലേ ഉചിതമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗബെഞ്ച് ചോദിച്ചു.
മുസ്ലിം വ്യക്തിനിയമത്തിലെ വ്യവസ്ഥകൾ സ്‌ത്രീപുരുഷൻമാർക്കിടയിൽ ‘കൃത്രിമ വിവേചനത്തിന്’ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹർജിയാണ് പരിഗണിച്ചത്. ശരീഅത്ത് റദ്ദാക്കിയാൽ പിന്നെ ഏത് നിയമം അനുസരിച്ച് മുസ്ലിം പിന്തുടർച്ചാവകാശത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഹർജിക്കാരായ പൗലോമി പവനി ശുക്ലയുടെയും ന്യായനാരീ ഫൗണ്ടേഷന്റെയും അഭിഭാഷകനായ അഡ്വ. പ്രശാന്ത് ഭൂഷണോട് ആരാഞ്ഞു.
ഇന്ത്യൻ പിന്തുടർച്ചാവകാശത്തിന്റെ അടിസ്ഥാനത്തിലെന്ന് പ്രശാന്ത്‌ഭൂഷൺ പ്രതികരിച്ചു. സിറിയൻ ക്രിസ്‌ത്യൻ വനിതകളുടെ കാര്യത്തിൽ വിവേചനപരമായ വ്യവസ്ഥകളുള്ള ‘തിരുവിതാംകൂർ പിന്തുടർച്ചവകാശ നിയമം’ അസാധുവാക്കിയ ‘മേരിറോയ്– സ്റ്റേറ്റ് ഓഫ് കേരള’ കേസിലെ വിധിയും ശ്രദ്ധയിൽപ്പെടുത്തി.
എന്നാൽ, ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം മുസ്ലീംസ്‌ത്രീകളുടെ കാര്യത്തിൽ ബാധകമാക്കാൻ കഴിയുമോയെന്ന് ചീഫ് ജസ്റ്റിസ് സംശയം ഉന്നയിച്ചു. പരിഷ്‌കരണത്തിന്റെ പേരിൽ എന്തെങ്കിലും ചെയ്‌താൽ മുസ്ലിം വനിതകൾക്ക് ഇപ്പോഴുള്ള ആനുകൂല്യങ്ങൾപോലും ഇല്ലാതായേക്കുമെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
ഭരണഘടനയുടെ നിർദേശകതത്ത്വങ്ങളുടെ ഭാഗമായ ഏക സിവിൽകോഡ് നടപ്പാക്കണോയെന്നത് പാർലമെന്റിന്റെ വിവേചനാധികാരത്തിന് വിടുന്നതാണ് ഉചിതമെന്ന ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചിയുടെ നിലപാടിനെ ചീഫ് ജസ്റ്റിസും പിന്തുണച്ചു.









0 comments