പട്ന ഹൈക്കോടതിയുടെ വിവാദ വിധിയിൽ സുപ്രീംകോടതിയുടെ ഇടപെടൽ; സ്വമേധയാ കേസെടുത്തു

സുപ്രീംകോടതി
ന്യൂഡൽഹി: ബലാത്സംഗ ശ്രമക്കേസിലെ പട്ന ഹൈക്കോടതിയുടെ വിവാദ വിധിയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. സൽവാർ അഴിക്കാൻ ശ്രമിക്കുന്നതും സ്ത്രീയുടെ മാറിടത്തിൽ അമർത്തുന്നതും ബലാത്സംഗ ശ്രമമായി കാണാൻ കഴിയില്ലെന്ന പട്ന ഹൈക്കോടതിയുടെ വിധിയിലാണ് കോടതി സ്വമേധയാ കേസെടുത്തത്. ജൂലൈയിലായിരുന്നു വിവാദമായ വിധി പ്രസ്താവിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ ഇടപെട്ടത്. ഹൈക്കോടതി വിധിയിലെ ചില പരാമർശങ്ങൾ അപകീർത്തികരവും ആക്ഷേപകരവുമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പട്ന ഹൈക്കോടതി വിധിയിൽ ചില ആക്ഷേപകരമായ പരാമർശങ്ങളുണ്ടെന്ന് നിരീക്ഷിച്ച കോടതി വിധി റദ്ദാക്കാൻ കഴിയില്ലെന്ന് പറഞ്ഞു.
കേസിലെ പ്രതിയെ കൂടി കേട്ടതിന് ശേഷം മാത്രമേ വിധി റദ്ദാക്കാൻ കഴിയൂവെന്നും ഇതിനായി പ്രാദേശിക പൊലീസിന്റെ സഹായത്തോടെ പ്രതിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ബിഹാർ അഡ്വക്കേറ്റ് ജനറൽ എസ് ഡി സഞ്ജയിനോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. മുതിർന്ന അഭിഭാഷക ശോഭ ഗുപ്തയാണ് പട്ന ഹൈക്കോടതി വിധി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സമാനരീതിയിലുള്ള വിധി പുറപ്പെടുവിച്ച അലഹാബാദ് ഹൈക്കോടതിക്കെതിരെ സ്വമേധയാ എടുത്ത ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കുന്നതിനിടെയായിരുന്നു ഇത്.








0 comments