ad
Deshabhimani

സാംസ്കാരിക രം​ഗം നിശ്ചലം: ഹ്രസ്വചലച്ചിത്ര മേളയ്ക്ക് ഇനി രണ്ട് ദിവസം; ചെയർമാനില്ലാതെ അക്കാദമി

idsffk.jpg
വെബ് ഡെസ്ക്

Published on Sep 23, 2026, 06:10 PM | 2 min read

തിരുവനന്തപുരം: യുഡിഎഫ്‌ സർക്കാർ അധികാരമേറ്റ്‌ നാലുമാസം പിന്നിടുമ്പോൾ തലപ്പത്ത് ആളില്ലാത്തെ നിശ്ചലമായി സാംസ്കാരിക രം​ഗം. ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്ക്ക്‌ (ഐഡിഎസ്‌എഫ്‌എഫ്‌കെ) വെള്ളിയാഴ്‌ച തിരിതെളിയാനിരിക്കെ ഇതുവരെ ചലച്ചിത്ര അക്കാദമിക്ക്‌ ചെയർമാനായിട്ടില്ല.


ചെയർമാനും സെക്രട്ടറിയും ജനറൽ ക‍ൗൺസിലുമില്ലാതെ ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനം സ്‌തംഭിച്ചതോടെ ജൂൺ, ജൂലൈ മാസത്തിൽ നടത്തേണ്ട ഐഡിഎസ്‌എഫ്‌എഫ്‌കെ രണ്ട്‌ മാസം വൈകിയാണ് നടക്കുന്നത്. അക്കാദമിയിലെ ഫിനാൻഷ്യൽ ഡെപ്യൂട്ടി ഡയറക്ടർക്ക്‌ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയിട്ടുണ്ടെങ്കിലും ചെയർമാനും ഭരണസമിതിയുമില്ലാത്തതിനാൽ പ്രവർത്തനങ്ങൾ പേരിന്‌ മാത്രമാണ്‌. തട്ടിക്കൂട്ടി മേള നടത്തിയെടുക്കാൻ സർക്കാർ ശ്രമിക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ജീവനക്കാർ വലയുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ പുതിയ ചെയർമാനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിൽ ചരിത്രത്തിൽ ആദ്യമായി പുരസ്കാര ജേതാക്കൾക്ക് ചെയർമാന്റെ പേരോ ഒപ്പോ ഇല്ലാത്ത സർട്ടിഫിക്കറ്റ് സമ്മാനിക്കേണ്ട നാണക്കേടും സർക്കാരിന് വരും.


ചലച്ചിത്ര ലോകവും സിനിമാ ആസ്വാദകരും ഒരുപോലെ കാത്തിരിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്‌എഫ്‌കെ) നടത്തിപ്പും സമാന പ്രതിസന്ധിയിലാണ്. ഡിസംബറിൽ നടക്കുന്ന ഐഎഫ്‌എഫ്‌കെ മേളയോടനുബന്ധിച്ച്‌ തുടങ്ങിവയ്‌ക്കേണ്ട പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. മേളയിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി എൻട്രികൾ ക്ഷണിച്ചിരുന്നു. എന്നാൽ സിനിമ തെരഞ്ഞെക്കേണ്ട പ്രാഥമിക ജൂറി പോലും ഇതുവരെ ആയിട്ടില്ല. സിനിമകളുടെ തെരഞ്ഞെടുപ്പിന് പുറമെെ, സിനിമ സെൻസറിങ്‌, ജൂറി രൂപീകരണം, വിദേശ അതിഥികളെയും പ്രതിനിധികളെയും തീരുമാനിക്കൽ തുടങ്ങിയവയൊന്നും ചിന്തിച്ചിട്ടുപോലുമില്ല.


ചലച്ചിത്ര അക്കാദമിയിൽ മാത്രമല്ല കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകല അക്കാദമി, കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ തുടങ്ങി മുപ്പതോളം സ്ഥാപനങ്ങൾ നാഥനില്ലാക്കളരി ആയിരിക്കുകയാണ്.


സാംസ്‌കാരിക ക്ഷേമനിധി ബോർഡിലെ പെൻഷൻ അടക്കം ഇതോടെ മുടങ്ങിയിരിക്കുകയാണ്. ബോർഡിന്റെ തനത് ഫണ്ടിൽ നിന്നുമാണ് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നത്. സിനിമ ടിക്കറ്റന്മേൽ ലഭിക്കുന്ന മൂന്ന് രൂപ സെസും അംഗങ്ങളിൽ നിന്ന് പിരിക്കുന്ന അംശദായവുമാണ് ബോർഡിന്റെ പ്രധാന വരുമാന സ്രോതസ്. സർക്കാർ സെസ് പിരിച്ചെടുക്കുന്നതിൽ നിന്ന് പിന്നോട്ട് പോയതാണ് പെൻഷൻ മുടങ്ങാനുള്ള പ്രധാന കാരണം. യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയ ഉടനെ തിയേറ്റർ ഉടമകൾക്ക് ലൈസൻസ് പുതുക്കാനുള്ള സാവകാശം ഡിസംബർ 31 വരെ നീട്ടി നൽകിയിരുന്നു. വരുമാനം നിലച്ചതോടെ പെൻഷനും മുടങ്ങി. സാംസ്കാരിക വകുപ്പ് നടത്തുന്ന ജീവനക്കാരുടെ ഓണാഘോഷം, അവാർഡ് വിതരണം, ക്യാമ്പുകൾ തുടങ്ങി എല്ലാം നിലച്ചിരിക്കുകയാണ്.


കോൺഗ്രസും യുഡിഎഫ്‌ ഘടകകക്ഷികളും തമ്മിലുള്ള വടംവലി രൂക്ഷമായതോടെയാണ് പുതിയ മേധാവികളെ നിശ്ചയിക്കാനാകാതെ പ്രതിസന്ധി തുടരുന്നത്. സ്ഥാനം കിട്ടാൻ കോൺ​ഗ്രസ് അനുകൂല നേതാക്കൾ വരിനിൽക്കുകയാണ്.

ഭരണസമിതിയില്ലാത്തതിനാൽ പ്രവർത്തനങ്ങളാകെ സ്‌തംഭിച്ചു. താൽക്കാലിക ഭരണനിർവഹണ ചുമതല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ നൽകിയെങ്കിലും ഇവർക്ക്‌ നയപരമായ തീരുമാനങ്ങളെടുക്കാനോ ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യാനോ ആകില്ല.











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home