print edition പൊലീസ് കള്ളക്കേസ് എടുക്കുന്നു ; മധ്യപ്രദേശിലെ സ്ഥിതി ഭീതിജനകമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി
ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ കള്ളക്കേസും കള്ളത്തെളിവും ഉണ്ടാക്കി നിരപരാധികളെ കുടുക്കുന്ന പൊലീസ് നടപടിയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സാഹചര്യം ഭീതിജനകമാണെന്ന് പറഞ്ഞ ജസ്റ്റിസുമാരായ അഹ്സാനുദ്ദീൻ അമാനുള്ള, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് കള്ളക്കേസുകള്‍ പൊലീസിലുള്ള ജന വിശ്വാസത്തെ തകര്‍ക്കുമെന്നും ചൂണ്ടിക്കാട്ടി.
പൊതുവിതരണത്തിന് സൂക്ഷിച്ച അരി കൈക്കലാക്കിയെന്ന് ആരോപിച്ച് അറസ്റ്റിലായ അൻവർ ഹുസൈൻ എന്ന വ്യാപാരിക്ക് ജാമ്യം ലഭിക്കുന്നത് തടയാൻ പൊലീസ് വ്യാജ സത്യവാങ്‌മൂലം സമർപ്പിച്ച കേസിലാണ് നിരീക്ഷണം. ഇയാൾക്കെതിരെ ബലാത്സംഗം അടക്കം എട്ടുകേസ് നിലവിലുണ്ടെന്ന് വ്യാജ സത്യവാങ്‌മൂലം നൽകി. ബലാത്സംഗമടക്കം നാലു കേസിലും ഇയാള്‍ പ്രതിയല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.
ഇതിനിടെ, കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനാൽ മദ്യപിച്ച് വാഹനമോടിച്ചുവെന്ന് തനിക്കെതിരെ കള്ളക്കേസെടുത്തുവെന്ന് ചൂണ്ടിക്കാട്ടി 24കാരനായ അഭിഭാഷകൻ അസദ് അലി വാർസിയും വെള്ളിയാഴ്‌ച കോടതിയെ സമീപിച്ചു. ആദ്യ സംഭവത്തിലെ അതേ ഉദ്യോഗസ്ഥരായ അഡീഷണൽ ഡെപ്യൂട്ടി കമീഷണർ ദിശേഷ് അഗർവാൾ, സ്റ്റേഷൻ ഹൗസ് ഓഫീസർ ഇന്ദ്രമണി പട്ടേൽ എന്നിവർക്കെതിരെയാണ് പുതിയ ആരോപണവും. ഇവർ കള്ളത്തെളിവ് സൃഷ്‌ടിച്ചുവെന്നും ഉദ്യോഗസ്ഥരുടെ പക്കൽ ‘വ്യാജ സാക്ഷികളുടെ ശേഖരം’ ഉണ്ടെന്നും മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ കോടതിയെ അറിയിച്ചു. ഭയാനകമായ സ്ഥിതിയാണിതെന്ന് നിരീക്ഷിച്ച ബെഞ്ച് കേസിൽ ഇൻഡോർ പൊലീസ് കമീഷണറെ കക്ഷിചേര്‍ത്തു.









0 comments