തിരിച്ചുവരുമെന്ന് ഉറപ്പില്ല; ഇന്ദ്രാണി മുഖർജിക്ക് വിദേശത്തേക്കുള്ള യാത്രാനുമതി നിഷേധിച്ച് സുപ്രീംകോടതി

ന്യൂഡൽഹി : ഷീന ബോറ വധക്കേസിൽ വിചാരണ നേരിടുന്ന പ്രതി ഇന്ദ്രാണി മുഖർജിക്ക് വിദേശത്തേക്കുള്ള യാത്രാനുമതി നിഷേധിച്ച് സുപ്രീംകോടതി. വിചാരണ തുടരുന്നതിനിടെയാണ് സ്പെയിനിലേക്ക് യാത്ര പോകണമെന്നു കാണിച്ച് ഇന്ദ്രാണി ഹർജി നൽകിയത്. എന്നാൽ തിരിച്ചു വരുമെന്ന് ഉറപ്പില്ല എന്നു പറഞ്ഞുകൊണ്ട് കോടതി ഹർജി തള്ളുകയായിരുന്നു. ഇന്ദ്രാണിക്കു വിചാരണക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.
ജസ്റ്റിസുമാരായ എം എം സുന്ദരേശ്, രാജേഷ് ബിന്ദാൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിദേശത്തേക്ക് യാത്ര ചെയ്യണമെന്ന ഇന്ദ്രാണിയുടെ ആവശ്യത്തെ സിബിഐ എതിർത്തിരുന്നു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് ഇന്ദ്രാണി സ്പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ചത്.
ആവശ്യം നിരസിച്ച കോടതി ഒരു വർഷത്തിനുള്ളിൽ കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്നും ഉത്തരവിട്ടു. 2012ൽ മകൾ ഷീന ബോറയെ, മുൻ ഭർത്താവ് സഞ്ജയ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കൊപ്പം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് ഇന്ദ്രാണി മുഖർജിയ്‌ക്കെതിരേയുള്ള കേസ്. മൃതദേഹം വനപ്രദേശത്ത് കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു. ഷീനയുടെ പ്രണയബന്ധത്തോടുള്ള എതിർപ്പാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു കണ്ടെത്തൽ. ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവർ ശ്യാംവർ റായിയെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തതോടെയാണ് 3 വർഷത്തിനു ശേഷം കൊലപാതകവിവരം പുറത്തറിയുന്നത്. തുടർന്ന് ഇന്ദ്രാണിയെ അറസ്റ്റ് ചെയ്തു. 2022ലാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്. ഇന്ദ്രാണി മുഖർജിയെ കുറിച്ചുള്ള ‘ഇന്ദ്രാണി മുഖർജി സ്റ്റോറി: ദ ബറീഡ് ട്രൂത്ത്’ എന്ന പേരിൽ ഒരു ഡോക്യുമെന്ററി പരമ്പര നെറ്റ്ഫ്ലിക്‌സ് ഒരുക്കിയിരുന്നു.










0 comments