പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സൈന്യത്തിന്റെ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുതെന്നും രാജ്യത്തിന്റെ സാഹചര്യം മനസിലാക്കി ഉത്തരവാദിത്വം കാണിക്കണമെന്നും കോടതി പറഞ്ഞു. ഭീകരവാദം അന്വേഷിക്കാൻ സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിമാർ എങ്ങനെ വിദഗ്ധരാവുമെന്നും കോടതി ചോദിച്ചു.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. "ഇത്തരം പൊതുതാൽപര്യ ഹർജികൾ ഫയൽ ചെയ്യുന്നതിന് മുമ്പ് ഉത്തരവാദിത്തം കാണിക്കുക. രാജ്യത്തോടും ചില കടമകളുണ്ട്. തീവ്രവാദത്തിനെതിരെ പോരാടാൻ ഓരോ ഇന്ത്യക്കാരനും കൈകോർക്കേണ്ട നിർണായക സമയമാണിത്. സേനകളുടെ മനോവീര്യം തകർക്കരുത്"- ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തുടർന്ന് ഹർജി നൽകിയവർ തന്നെ ഹർജി പിൻവലിച്ചു.
കശ്മീർ സ്വദേശികളായ ഫതേഷ് കുമാർ സാഹു, വിക്കി കുമാർ, മുഹമ്മദ് ജുനൈദ് എന്നിവർ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക കർമ്മ പദ്ധതി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 22നാണ് മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന പഹൽഗാമിൽ രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. വിനോദസഞ്ചാരികളടക്കം 26 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.









0 comments