റഷ്യ - ഉക്രെയ്ൻ യുദ്ധം: കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ഡിഎൻഎ പരിശോധന വേഗത്തിലാക്കണം; കേന്ദ്രത്തിന് സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി : റഷ്യ - ഉക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന വേഗത്തിലാക്കുന്നതിന് പുതിയ നോഡൽ ഓഫിസറെ നിയമിക്കാൻ വിദേശകാര്യം മന്ത്രാലയത്തിന് സുപ്രീംകോടതി നിർദേശം. അന്ത്യകർമങ്ങൾക്കായി മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ കുടുംബാംഗങ്ങളെ സഹായിക്കുകയാണ് നോഡൽ ഓഫിസറുടെ ചുമതല. നോഡൽ ഓഫിസറെ നിയമിച്ച് ഉടൻ തന്നെ വിവരങ്ങൾ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് കൈമാറാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിദേശ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായ വിദേശ റിക്രൂട്ട്‌മെന്റ്, മനുഷ്യക്കടത്ത്, ചൂഷണം എന്നിവയ്ക്ക് ഇരയായെന്ന് ആരോപിച്ചാണഅ കുടുംബങ്ങൾ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദേശം. മരിച്ചെന്നോ കാണാതായെന്നോ കരുതപ്പെടുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ കണ്ടെത്തണം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും റഷ്യൻ അധികാരികളിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനും കോടതി ഇടപെടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം റഷ്യ - ഉക്രെയ്ൻ യുദ്ധത്തിനിടെ 220 ഓളം ഇന്ത്യക്കാർ റഷ്യൻ സായുധ സേനയിൽ ചേർന്നിട്ടുണ്ട്. അതിൽ 139 പേരെ കരാർ വ്യവസ്ഥകളിൽ നിന്ന് വിട്ടയച്ചുവെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു. യുദ്ധഭൂമിയിൽ വെച്ച് മരിച്ച 51 ഇന്ത്യക്കാരിൽ 29 പേരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതായും കേന്ദ്രം കൂട്ടിച്ചേർത്തു.









0 comments