വനിതാ സംവരണ നിയമം പ്രാബല്യത്തിലാക്കണമെന്ന ഹർജിയിൽ വിശദീകരണം തേടി സുപ്രീം കോടതി

ന്യൂഡൽഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുന്ന 2023ലെ നാരി ശക്തി വന്ദൻ നിയമം (Nari Shakti Vandan Act) നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് പ്രതികരണം തേടി.
ജസ്റ്റിസ് ബി.വി. നാഗരത്നയും ആർ മഹാദേവനും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത് “രാജ്യത്തിലെ ഏറ്റവും വലിയ ന്യൂനപക്ഷം സ്ത്രീകളാണ്, അവർ ജനസംഖ്യയുടെ ഏകദേശം 48 ശതമാനം വരും. ഭരണഘടന പ്രകാരം വനിതകൾക്ക് രാഷ്ട്രീയ സമത്വം ലഭിക്കേണ്ടതുണ്ട് എന്ന് കോടതി നിരീക്ഷിച്ചു.
ഹർജിക്കാരിയായ ജയാ ഠാക്കൂർ വേണ്ടി സീനിയർ അഭിഭാഷക ശോഭ ഗുപ്ത ഹാജരായി. “സ്വാതന്ത്ര്യത്തിനുശേഷം 75 വർഷങ്ങൾ പിന്നിട്ടിട്ടും വനിതകൾക്ക് പ്രതിനിധിത്യം ഉറപ്പാക്കാൻ കോടതിയെ സമീപിക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്” എന്ന് അവർ പറഞ്ഞു.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യണമെന്ന ആവശ്യം സ്വാതന്ത്ര്യ കാലഘട്ടം മുതൽ തുടരുന്നതാണ്. 2023 ൽ വനിതാ സംവരണ നിയമം കൊണ്ടു വന്നെങ്കിലും അതിന് തുരങ്കം വെക്കാൻ കേന്ദ്ര സർക്കാർ തന്നെ തന്ത്രപൂർവ്വം ഉപാധിവെക്കുകയായിരുന്നു. നടപ്പാക്കുന്നതിന് മുമ്പ് പുതിയ സെൻസസും ഡീലിമിറ്റേഷൻ (നിയോജകമണ്ഡല പുനർനിർണയം) നടപടിയും പൂർത്തിയാകണമെന്ന് കേന്ദ്രം വ്യവസ്ഥ വെച്ചു.
നിയമം നടപ്പാക്കുക എക്സിക്യൂട്ടീവിന്റെ അധികാരപരിധിയിലാണ്, അതിനാൽ കോടതിക്ക് നേരിട്ട് ഉത്തരവിടാൻ കഴിയില്ല എന്നതായിരുന്നു സുപ്രീം കോടതിയുടെ ഇതിലെ നിലപാട്. കാലതാമസത്തെ ചോദ്യം ചെയ്യുന്ന ഹർജിയിൽ തിങ്കളാഴ്ച വാദം കേൾക്കാൻ തുടങ്ങി എങ്കിലും അതിന്റെ സമയപരിധി അനിശ്ചിതത്വത്തിലാണ്.
“നയപരമായ കാര്യങ്ങളിൽ കോടതിയുടെ ഇടപെടലിന് പരിധിയുണ്ട്” എന്ന് ജസ്റ്റിസ് നാഗരത്ന കേസ് പരിഗണിക്കുന്നതിനിടെ വ്യക്തമാക്കുകയുണ്ടായി.
“സംവരണ നിയമം പാർലമെന്റ് പാസാക്കിയിട്ടും അതിന്റെ പ്രാബല്യം അനിശ്ചിതമായി നീട്ടിവെക്കുന്നത് ഭരണഘടനാ ഭേദഗതിയുടെ ആത്മാവിന് വിരുദ്ധമാണ്” എന്ന് ഹർജിക്കാർ ആവർത്തിച്ചു.
ഭരണഘടനയുടെ 128-ാമത് ഭേദഗതി നിയമം (Nari Shakti Vandan Adhiniyam) – 2023 സെപ്റ്റംബർ 28-ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ നിയമമായിരുന്നു. ലോക്‌സഭയും രാജ്യസഭയും ഇതിനെ ഏകകണ്ഠമായി പാസാക്കിയിരുന്നതാണ്.
നിയമം നടപ്പിലാക്കാൻ അടുത്ത സെൻസസും അതിന് പിന്നാലെ ഡിലിമിറ്റേഷനും ആവശ്യമാണെന്ന വ്യവസ്ഥ മൂലം പ്രാബല്യം നടപ്പായില്ല.
ഈ വർഷം ജനുവരി 10-ന് സുപ്രീംകോടതി ഡിലിമിറ്റേഷൻ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കാൻ വിസമ്മതിച്ചിരുന്നു. അന്ന് ജയാ ഠാക്കൂറിന്റെയും നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ (NFIW) സംഘടനയുടെയും ഹർജികൾ കോടതി നിരസിച്ചിരുന്നു.
1996 മുതൽ പലതവണ ഈ നിയമം പാസാക്കാൻ ശ്രമം നടന്നിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. 2023-ലാണ് ദശാബ്ദങ്ങളായുള്ള ആവശ്യം യാഥാർഥ്യമായത്, എന്നാൽ നടപ്പാക്കൽ സംബന്ധിച്ച അനിശ്ചിതത്വം ഒരു വ്യവസ്ഥയായി കേന്ദ്ര സർക്കാർ ഇതിനിടയിൽ തിരുകി. വനിതാ സംവരണം വീണ്ടും അനിശ്ചിതത്വത്തിലാക്കി. ബി ജെ പി സർക്കാരിനെ നയിക്കുന്ന സ്ത്രീവിരുദ്ധ നിലപാടുകളായിരുന്നു ഇതിന് പിന്നിൽ.
ഇന്ത്യയുടെ അമൃതകാലത്തിന് തുടക്കം കുറിച്ചു എന്ന് അവകാശപ്പെട്ട് കൊണ്ട് പുതിയ പാർലമെന്റ് മന്ദിരത്തിൽ സഭ ചേർന്നപ്പോൾ ആദ്യം പരിഗണിച്ച ബില്ലാണിത്. നിയമമായിട്ടും അനിശ്ചിതത്വം തുടരുന്നു. പതിനേഴാം ലോക്‌സഭയിൽ 543 അംഗങ്ങളിൽ 78 പേർ (ഏകദേശം 14 ശതമാനം) മാത്രമാണ് സ്ത്രീകളുള്ളത്.
വനിതാ സംവരണ ബിൽ 2023 സെപ്റ്റംബർ 20 ന് ലോക്‌സഭയും സെപ്റ്റംബർ 21 ന് രാജ്യസഭയും പാസാക്കി. സെപ്റ്റംബർ 28 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു.
ബിൽ ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 334 എ കൂട്ടി ചേർത്തു.









0 comments