ad
Deshabhimani

വിയോജിപ്പുകളെ ക്രിമിനൽ കുറ്റമാക്കുന്ന സംവിധാനത്തിന് കീഴിൽ വികസിത ഇന്ത്യ കെട്ടിപ്പടുക്കാനാവില്ല; ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ

Ujjal Bhuyan
വെബ് ഡെസ്ക്

Published on Mar 23, 2026, 03:22 PM | 2 min read

ബെംഗളൂരു: ജനാധിപത്യവും ലിംഗസമത്വവുമില്ലാതെ 'വികസിത ഭാരതം' എന്ന ലക്ഷ്യം കൈവരിക്കാനാവില്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ. സുപ്രീം കോടതി ബാർ അസോസിയേഷൻ ബെംഗളൂരുവിൽ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലനിൽക്കുന്ന ആഴത്തിലുള്ള സാമൂഹിക വിഭജനങ്ങളെയും നീതിന്യായ വ്യവസ്ഥയിലെ ലിംഗവിവേചനത്തെയും മറികടന്നല്ലാതെ മുന്നേറാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


വിയോജിപ്പുകളെ അടിച്ചമർത്തിയോ യു എ പി എ പോലുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്തോ 2047-ഓടെയുള്ള വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിലേക്ക് എത്താനാവില്ല. ഇത് വെറും വാക്കായി തീരുകയാവും ചെയ്യുക. രാജ്യത്ത്. യു എ പി എ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നവരിൽ അഞ്ച് ശതമാനം പേർ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. ഈ വസ്തുത നിയമത്തിന്റെ അമിതമായ ഉപയോഗത്തെയോ ദുരുപയോഗത്തെയോ ആണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.


മതിയായ തെളിവുകളില്ലാതെ നടക്കുന്ന ഇത്തരം അറസ്റ്റുകൾ നീതിന്യായ വ്യവസ്ഥയ്ക്ക് വലിയ ഭാരമാണ് നൽകുന്നത്. വിയോജിപ്പുകളെ ക്രിമിനൽ കുറ്റമായി കാണുന്നതിന് പകരം വൈവിധ്യമാർന്ന അഭിപ്രായങ്ങളോട് സഹിഷ്ണുത കാണിക്കുന്നതാണ് ഒരു വികസിത രാജ്യത്തിന്റെ ലക്ഷണമെന്ന് അദ്ദേഹം പറഞ്ഞു.


ജുഡീഷ്യറി ഒരിക്കലും ഭരണകൂടത്തിന്റെ കേവലം സ്തുതിപാഠകരോ (Cheerleaders) അല്ലെങ്കിൽ നിരന്തര വിമർശകരോ ആകരുത്. നീതി നടപ്പാക്കുന്ന സ്വതന്ത്ര സ്ഥാപനമായി തുടരുകയാണ് വേണ്ടത്. സുപ്രീം കോടതി രാജ്യത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന ഒരു 'റെയിൻബോ ഇൻസ്റ്റിറ്റ്യൂഷൻ' (Rainbow Institution) ആയി മാറണമെന്നും ആഹ്വാനം ചെയ്തു.


വേർതിരിവുകൾ നിലനിൽക്കുന്ന ഒരിടത്തെ

വികസിത മാതൃക എന്ന് വിളിക്കാനാവില്ല


ഉന്നത നീതിന്യായ പീഠങ്ങളിലെ സ്ത്രീ പ്രാതിനിധ്യക്കുറവിനെയും ജസ്റ്റിസ് ഭൂയാൻ പരാമര്‍ശിച്ചു. 1950 മുതൽ സുപ്രീം കോടതിയിൽ സേവനമനുഷ്ഠിച്ച 287 ജഡ്ജിമാരിൽ വെറും 11 സ്ത്രീകൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. രണ്ട് ശതമാനം മാത്രമാണിത്. കൊളീജിയം സംവിധാനത്തിന്റെ വിലയിരുത്തലുകൾ വസ്തുനിഷ്ഠമല്ലാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം നിരീക്ഷിച്ചു. നിയമന പ്രക്രിയ വസ്തുനിഷ്ഠമാകുമ്പോൾ കൂടുതൽ സ്ത്രീകൾ കടന്നുവരുന്നുണ്ടെന്നും, എന്നാൽ കൊളീജിയത്തിന്റെ വിലയിരുത്തലുകൾ സബ്ജക്റ്റീവ് ആകുമ്പോൾ സ്ത്രീകൾ പുറന്തള്ളപ്പെടുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു. 25 ഹൈക്കോടതികളിൽ നിലവിൽ രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാർ മാത്രമാണുള്ളത്.


സാമൂഹികമായ വേർതിരിവുകൾ നിലനിൽക്കുന്ന ഒരിടത്തെ വികസിത മാതൃക എന്ന് വിളിക്കാനാവില്ല. ദളിതർക്കെതിരായ അതിക്രമങ്ങളും വിവേചനങ്ങളും ഇല്ലാതാകണമെന്ന് ആഹ്വാനം ചെയ്തു. സമ്പത്തിന്റെ തുല്യമായ വിതരണവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷണവുമാകണം 'വികസിത് ഭാരത'ത്തിന്റെ അടിസ്ഥാനമെന്നും ജസ്റ്റിസ് ഭൂയാൻ ഓർമ്മിപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home