ad
Deshabhimani

കെ ടെറ്റ് പുനഃപരിശോധനാ ഹർജി: മെയ് 13ന് സുപ്രീംകോടതി പരസ്യമായി വാദം കേൾക്കും

supreme court  Image Credit : wikimedia commons

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 03, 2026, 07:06 AM | 2 min read

ന്യൂഡൽഹി : രണ്ട് വർഷത്തിനുള്ളിൽ കെ ടെറ്റ് പാസാത്ത അധ്യാപകർ നിർബന്ധിത വിരമിപ്പിക്കലിന് തയ്യാറാവണമെന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് മെയ് 13ന് പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കും.


2025 സെപ്റ്റംബർ 1നാണ് സുപ്രീംകോടതി രാജ്യത്തെ ലക്ഷക്കണക്കിന് അധ്യാപകരെ ബാധിക്കുന്ന ഈ വിധി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ നൽകിയതുൾപ്പടെ നിലവിൽ 45 പുനഃപരിശോധനാ ഹർജികളാണ് ഈ കേസുമായി ബന്ധപ്പെട്ട് സംയോജിപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് കേസിൽ ആദ്യമായി പുനഃപരിശോധനാ ഹർജികൾ ഫയൽ ചെയ്തത്.


അധ്യാപകർക്ക് അവർ ജോലിയിൽ പ്രവേശിച്ചപ്പോൾ ഉള്ള നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ സർവീസിൽ തുടരാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും ഇതോടെ പരി​ഗണിക്കപ്പെടും. സ്റ്റാൻഡിങ് കോൺസൽ സി കെ ശശിയാണ് കേരളത്തിന് വേണ്ടി പുനഃപരിശോധന ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.


അഡ്വക്കേറ്റ് ടോമി ചാക്കോ മുഖേന ദേശീയ അധ്യാപക പരിഷത്ത് ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഈ കേസിൽ ഉപഹർജികൾ നൽകിയിരുന്നു. ആയിരക്കണക്കിന് അധ്യാപകരുടെ പരാതികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതിനായി കോടതിയിൽ നേരിട്ടുള്ള വാദം കേൾക്കണമെന്ന് ഇവർ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു.


ഏപ്രിൽ 28ന് ജഡ്ജിമാരുടെ ചേംബറിൽ ഈ കേസ് പരിഗണിച്ചിരുന്നു. തുടർന്ന് തുറന്ന കോടതിയിൽ നേരിട്ട് വാദം കേൾക്കാൻ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. സാധാരണയായി പുനഃപരിശോധനാ ഹർജികൾ ജഡ്ജിമാരുടെ ചേംബറിൽ വെച്ച് രേഖകൾ പരിശോധിച്ചാണ് തീർപ്പാക്കാറുള്ളത്. നേരത്തെ വിധി പ്രസ്താവിച്ച അതേ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹർജികളും പരിഗണിക്കുന്നത്. സുപ്രീം കോടതി ഒരു വിധി പുനഃപരിശോധിക്കുക എന്നത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.


രാജ്യത്തെ 25 ലക്ഷത്തിലധികം അധ്യാപകരുടെ ഉപജീവനത്തെ ബാധിക്കുന്നതാണ് ഈ കേസ്. 2010 മുതൽ നടപ്പിലാക്കിയ 2009ലെ വിദ്യാഭ്യാസ അവകാശ നിയമം (RTE Act) അനുസരിച്ച് അധ്യാപകർ ടെറ്റ് പാസാകേണ്ടത് നിർബന്ധമാണെന്ന് 2025 സെപ്റ്റംബറിലെ വിധിയിൽ പറയുന്നു. എന്നാൽ വിരമിക്കാൻ അഞ്ച് വർഷത്തിൽ താഴെ മാത്രം കാലാവധിയുള്ള അധ്യാപകർക്ക് ടെറ്റ് എഴുതുന്നതിൽ നിന്ന് കോടതി അന്ന് ഇളവ് നൽകിയിരുന്നു.


തമിഴ്‌നാട് സർക്കാരിനെ പ്രതിനിധീകരിച്ച സീനിയർ അഡ്വക്കേറ്റ് പി വിൽസൺ, അഡ്വക്കേറ്റ് ശബരീഷ് സുബ്രഹ്മണ്യം എന്നിവർ ഈ വിധി തമിഴ്നാട്ടിലെ മാത്രം ഏകദേശം നാല് ലക്ഷം അധ്യാപകരെ ബാധിക്കുമെന്ന് വാദിച്ചു. ഇത് നടപ്പിലാക്കുകയാണെങ്കിൽ സംസ്ഥാനത്തെ ക്ലാസ് മുറികൾ അധ്യാപകരില്ലാത്ത അവസ്ഥയിലേക്ക് മാറുമെന്ന് അവർ ചൂണ്ടിക്കാട്ടി.


വിദ്യാഭ്യാസ അവകാശ നിയമവും അതിന്റെ മാനദണ്ഡങ്ങളും മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാൻ കഴിയില്ലെന്നാണ് തമിഴ്നാടിന്റെ വാദം. പരിശീലനം ലഭിച്ച അധ്യാപകരുടെ കുറവും അധ്യാപക പരിശീലന സ്ഥാപനങ്ങളുടെ അപര്യാപ്തതയും കണക്കിലെടുത്ത് തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ ആർടിഇ നിയമത്തിലെ സെക്ഷൻ 23(2) പ്രകാരം ഇളവ് നൽകിയിരുന്നതായും പുനഃപരിശോധനാ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home