കൗമാരക്കാരുടെ ഉഭയസമ്മത ബന്ധത്തിനുള്ള പ്രായം കുറയ്ക്കണോ; വാദം കേൾക്കാൻ സുപ്രീം കോടതി

ന്യൂഡൽഹി: കൗമാരക്കാരുടെ പരസ്പര സമ്മതപ്രകാരമുള്ള ബന്ധത്തിനുള്ള പ്രായപരിധി സംബന്ധിച്ച് വാദം കേൾക്കൽ നവംബർ 12 ന് ആരംഭിക്കുമെന്ന് സുപ്രീം കോടതി. വിഷയം ഭാഗികമായി പരിഗണിക്കുന്നതിനുപകരം തുടർച്ചയായ സെഷനുകളിലൂടെ തീരുമാനത്തിലേക്ക് എത്താമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിക്കും.
കൺസെന്റ് പ്രായം 18 ആവണമെന്ന് കേന്ദ്രം
പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള ബോധപൂർവവും നന്നായി ചിന്തിച്ച് രൂപപ്പെടുത്തിയതുമായ നയമാണ് നിലവിലുള്ളത് എന്നാണ് കേന്ദ്ര സർക്കാർ നിലപാട് അവതരിപ്പിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി മുഖേന കേന്ദ്രം നിലവിലെ സമ്മതപ്രകാരമുള്ള പ്രായപരിധി 18 വയസ്സായി തീർപ്പാക്കാൻ ആവശ്യപ്പെട്ടു. "കൗമാര പ്രണയം" എന്നതിന് കീഴിൽ പ്രായം കുറയ്ക്കുന്നതോ ഒഴിവാക്കലുകൾ ഏർപ്പെടുത്തുന്നതോ ചൂഷണത്തിന് ഇടനൽകുന്നതും അപകടകരവുമാണെന്ന് സർക്കാർ നിലപാട് അവതരിപ്പിച്ചു.
കുട്ടികളെ ജയിലിൽ കുരുക്കുന്ന പഴയ നിയമം
2012 ലെ പോക്സോ നിയമവും ഐപിസിയുടെ സെക്ഷൻ 375 ഉം പരസ്പര സമ്മത പ്രകാരമുള്ള ബന്ധങ്ങളെ കുറ്റകരമാക്കുന്നത് പുതിയ തലമുറയിൽ വലിയ ആശങ്കയാവുകയാണെന്ന് അമിക്കസ് ക്യൂറിയായി പ്രവർത്തിക്കുന്ന മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് വിശദമാക്കി. സമ്മതപ്രകാരമുള്ള പ്രായപരിധി 18 ൽ നിന്ന് 16 വയസ്സായി കുറയ്ക്കണമെന്ന് കോടതി മുമ്പാകെ ബോധിപ്പിച്ചു.
പരസ്പര സമ്മതപ്രകാരമുള്ള കൗമാര ബന്ധങ്ങൾ പ്രോസിക്യൂഷനിലേക്ക് നയിച്ച കേസുകൾ അവർ എടുത്തുകാട്ടി. സമ്മതപ്രകാരമുള്ള ബന്ധങ്ങളും ചൂഷണവും തമ്മിൽ വേർതിരിച്ചറിയേണ്ടതിന്റെ ആവശ്യകത പുതിയ കാലത്ത് നിലനിൽക്കുന്നത് തിരിച്ചറിയണെന്ന് ഊന്നിപ്പറഞ്ഞു.

"നിപുൻ സക്‌സേന vs യൂണിയൻ ഓഫ് ഇന്ത്യ" കേസിൽ സുപ്രീം കോടതിയെ സഹായിക്കുന്ന മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് 16 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാർ ഉൾപ്പെടുന്ന ലൈംഗിക പ്രവർത്തനങ്ങൾ കുറ്റകരമാക്കുന്നതിനെ ചോദ്യം ചെയ്തുള്ള തന്റെ വാദങ്ങൾ തുടർന്നു. നിലവിലെ നിയമം കൗമാരക്കാർക്കിടയിലെ പരസ്പര സമ്മതത്തോടെയുള്ള പ്രണയബന്ധങ്ങളെ കുറ്റകരമാക്കുന്നുവെന്നും അവരുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നുവെന്നും അവർ വാദിച്ചു
അനുബന്ധ കേസുകളും വാദവും കൂടി പരിഗണിച്ച് കേസ് സമഗ്രമായി കേൾക്കുമെന്ന് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. “ഞങ്ങൾ ഇത് മൊത്തത്തിൽ കൈകാര്യം ചെയ്യും. പ്രശ്‌നങ്ങൾ ഞങ്ങൾ വേർതിരിക്കില്ല,” കോടതി വ്യക്തമാക്കി.
സമ്മത പ്രായം ഏകീകൃതമായി നടപ്പിലാക്കുന്നത് നിർണായകമാണെന്ന് കേന്ദ്രം ആവർത്തിച്ചു. പ്രായം കുറയ്ക്കുകയോ ഒഴിവാക്കലുകൾ ഏർപ്പെടുത്തുകയോ ചെയ്യുന്നത് ഈ പ്രവണത കൂട്ടും. കുട്ടികളുടെ സംരക്ഷണ നിയമങ്ങളെ ദുർബലപ്പെടുത്തും. സമ്മതത്തിന്റെ മറവിൽ മനുഷ്യ കടത്തിനും മറ്റ് ചൂഷണങ്ങൾക്കും വഴികൾ തുറക്കുകയും ചെയ്യുമെന്ന് അവകാശപ്പെട്ടു.
2017 നും 2021 നും ഇടയിൽ 16-18 വയസ്സ് പ്രായമുള്ള പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന പോക്‌സോ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ 180% വർദ്ധനവ് ഉണ്ടായതായി ഇന്ദിര ജെയ്‌സിംഗ് ചൂണ്ടിക്കാട്ടി. മറ്റു ജാതികളിലോ മതങ്ങളിലോ ഉള്ള ബന്ധങ്ങളിൽ മിക്ക പരാതികളും മാതാപിതാക്കൾ ഫയൽ ചെയ്യുന്നവയാണ്. പലപ്പോഴും പെൺകുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായാണ്.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കുന്നത് "തുറന്ന സംഭാഷണവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനുപകരം, യുവ ദമ്പതികളെ ഒളിവിൽ പോകാനോ, വിവാഹത്തിനോ, നിയമപരമായ പ്രശ്‌നങ്ങളിലേക്കോ തള്ളിവിടുന്നു". എന്നും അവർ വാദിച്ചു.
പോക്സോ നിയമം 2012 - ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളുടെ സംരക്ഷണം ലക്ഷ്യമാക്കുന്നു. ഐപിസി സെക്ഷൻ 375 - ബലാത്സംഗത്തെ നിർവചിക്കുന്നു, പ്രായവുമായി ബന്ധപ്പെട്ട സമ്മതവും ഇതിൽ ഉൾപ്പെടുന്നു. നിയമപരമായ സമ്മത പ്രായം എന്നത് ഒരു വ്യക്തിക്ക് ലൈംഗിക പ്രവർത്തനത്തിന് നിയമപരമായി സമ്മതം നൽകാൻ കഴിയുന്ന പ്രായമാണ്.









0 comments