print edition പരസ്‌പരസമ്മതത്തോടെ ബന്ധം പിരിഞ്ഞശേഷം ബലാത്സംഗക്കുറ്റം ആരോപിക്കാനാകില്ല : സുപ്രീംകോടതി

ന്യൂഡൽഹി
വിവാഹിതരാകാതെ ഒരുമിച്ച് കഴിയുകയും പരസ്‌പര സമ്മതത്തോടെ പിരിയുകയും ചെയ്‌തശേഷം പുരുഷനെതിരെ ബലാത്സംഗക്കുറ്റം ആരോപിക്കാനാകില്ലെന്ന് സുപ്രീംകോടതി ആവർത്തിച്ചു. മൂന്നുവർഷത്തെ ബന്ധം അവസാനിപ്പിച്ചശേഷം മുംബൈ സ്വദേശിയായ അഭിഭാഷകനെതിരെ യുവതി നൽകിയ പീഡനക്കേസ് റദ്ദാക്കിയാണ് നിരീക്ഷണം.
വിവാഹം കഴിച്ചില്ല എന്ന ഒറ്റക്കാരണത്താൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങളെ കുറ്റകരമാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ആർ മഹാദേവൻ എന്നിവർ വിധിയിൽ പറഞ്ഞു. ബന്ധംപുലർത്തിയ ഘട്ടത്തിൽ ഒരാരോപണവും ഉന്നയിച്ചിട്ടില്ല. വിവാഹ വാഗ്‌ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ ആരോപണവും തള്ളി. ബലാത്സംഗ വകുപ്പുകളെ ദുരുപയോഗിക്കുന്നത് ഗുരുതര അനീതിയാണെന്നും കോടതി പറഞ്ഞു.
എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ബോംബെ ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി റദ്ദാക്കി. ഭർത്താവുമായി അകന്ന് താമസിക്കുന്ന പരാതിക്കാരി 2022ലാണ് അഭിഭാഷകനെ പരിചയപ്പെടുന്നതും ഒന്നിച്ച് താമസിക്കാൻ ആരംഭിച്ചതും. ഒന്നരലക്ഷം രൂപ നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് യുവതി പ്രതികാരമെന്നോണം പരാതി നൽകിയതെന്നും കോടതി കണ്ടെത്തി.









0 comments