റാഗിങ്ങിനെതിരെ പ്രതിഷേധിച്ചതിന് സസ്പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കണം; അംബേദ്കർ സർവകലാശാലയിൽ എസ്എഫ്ഐ പ്രക്ഷാേഭം

ന്യൂഡൽഹി: അംബേദ്കർ സർവകലാശാലയിൽ വലതുപക്ഷ സംഘടന പ്രവർത്തകരുടെ റാഗിങ്ങിനെതിരെ ശബ്ദമുയർത്തിയ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. സർവകലാശാലയുടെ ഈ നടപടിക്കെതിരെ എസ്‌എഫ്‌ഐ നേതൃത്വത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം 110 മണിക്കൂർ കടന്നു. സർവകലാശാല ക്യാമ്പസിൽ നടന്ന റാഗിങ്ങിനെതിരെ വിദ്യാർഥികൾ നേരത്തെ പ്രതിഷേധം നടത്തിയിരുന്നു. ഇതിൽ പങ്കെടുത്തവരെയും കുറ്റാരോപിത വിദ്യാർഥികളും ഉൾപ്പെടെ 11 പേരെ സർവകലാശാല സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ കുറ്റാരോപിതരായ വിദ്യാർഥികളെ പലപ്പോഴായി സസ്‌പെൻഷൻ പിൻവലിച്ച് തിരിച്ചെടുത്തു. പ്രതിഷേധത്തിൽ പങ്കെടുത്ത മൂന്ന് എസ്‌എഫ്‌ഐ വിദ്യാർഥികളെ ഇപ്പോഴും ക്ലാസുകളിൽ നിന്നും വിലക്കിയിരിക്കുകയാണ്.
അംബേദ്കർ സർവകലാശാല കരംപുര ക്യാമ്പസിലെ വിദ്യാർഥികളായ നാദിയ, അനൻ ബിജോ, ഹർഷ് ചൗധരി എന്നിവരെ രണ്ട് സെമസ്റ്ററിലേക്കാണ് സസ്പെൻഡ് ചെയ്തത്. സഹപാഠി റാഗിങ്ങിന് ഇരയായയെന്നും തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. വിഷയം ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിദ്യാർഥികൾക്കെതിരെയുള്ള സർവകലാശാലയുടെ നടപടിയിൽ കോടതി സഹതാപം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേസിന്റെ വാദം കേൾക്കുന്നത് വൈകിപ്പിക്കുന്ന സമീപനമാണ് സർവകലാശാലയ്ക്കുള്ളത്.
പ്രതിഷേധ ശബ്ധമുയർത്തിയതിന്റെ പേരിൽ മൂന്ന് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്‌എഫ്‌ഐ പ്രതിഷേധം ആരംഭിച്ചത്. സമരം 110 മണിക്കൂർ പിന്നിട്ടിട്ടും സർവകലാശാലയുടെ ഭാഗത്തു നിന്നും പ്രതികരണമുണ്ടായിട്ടില്ല. കരംപൂർ ക്യാമ്പസിലെ വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. എയുഡി വിദ്യാർഥി യൂണിയൻ നേതാവ് ശരണ്യ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഷെഫാലി എന്നിവർ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്നും അറിയിച്ചു.









0 comments