രാജ്യത്തെ വിദ്യാഭ്യാസ കച്ചവടവൽക്കരണത്തിന് എതിരായുള്ള പോരാട്ടത്തിൻ്റെ മുഖമായി ഉജ്ജ്വൽ റാണ മാറും: എസ്എഫ്ഐ

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് തീകൊളുത്തി ജീവനൊടുക്കിയ ഉജ്ജ്വൽ റാണയുടെ കുടുംബത്തെ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള ഡെലിഗേഷൻ സന്ദർശിച്ചു. ബുധാനയിലെ ഡിഎവി കോളേജിലെ ബിഎ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു ഉജ്ജ്വൽ.
ഫീസ് അടയ്ക്കാത്തത് കൊണ്ട് പരീക്ഷയെഴുതാൻ അനുവദിക്കാത്തതിനെ തുടർന്ന് ശനിയാഴ്ചയാണ് ഉജ്ജ്വൽ റാണ സ്വയം തീകൊളുത്തിയത്. 70 ശതമാനത്തോളം പൊള്ളലേറ്റ ഉജ്ജ്വലിനെ ആദ്യം പ്രാദേശിക ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്കും മാറ്റുകയായിരുന്നു. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
നിരവധി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യത്തിൽ ഉജ്ജ്വലിൻ്റെ നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. പക്ഷേ, എല്ലാത്തിനോടും മുഖം തിരിച്ചുനിന്ന അധികൃതർക്ക് മുന്നിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഉജ്ജ്വൽ രക്തസാക്ഷിത്വം വരിച്ചത്. സ്വയം അഗ്നിക്കിരയാക്കുമ്പോഴും തൻ്റെ മരണം ഒരു പ്രതിഷേധാഗ്നിയായി മാറണമെന്ന് അവൻ ആഗ്രഹിച്ചു.
രാജ്യത്ത് പണമുള്ളവനു മാത്രമായി ലഭിക്കുന്ന ഒന്നായി വിദ്യാഭ്യാസം മാറിയിരിക്കുന്നു. രാജ്യത്ത് മോദിയും, യുപിയിൽ യോഗിയും വിദ്യാഭ്യാസം മാഫിയകൾക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്. രാജ്യവ്യാപകമായി വിദ്യാഭ്യാസത്തിൻ്റെ കച്ചവടവൽക്കരണത്തിന് എതിരായുള്ള പോരാട്ടത്തിൻ്റെ മുഖമായി ഉജ്ജ്വൽ റാണ മാറുമെന്ന് എസ്എഫ്ഐ പറഞ്ഞു. ഉജ്ജ്വലിന് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള സമരത്തിൽ അവസാനം വരെ ഉണ്ടാകുമെന്നും എസ്എഫ്ഐ അറിയിച്ചു.









0 comments