ഒഡീഷയിൽ വിദ്യാർഥിനിയുടെ ആത്മാഹുതി; പ്രതിഷേധിച്ച വിദ്യാർഥികളെ വെള്ളം പോലും നൽകാതെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ച നിലയിൽ

ഡൽഹി ഒഡീഷ ഭവനിലേക്ക് മാർച്ച് ചെയ്ത വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്നു. ഫോട്ടോ: പി വി സുജിത്ത്
ന്യൂഡൽഹി: ഒഡീഷയിൽ അധ്യാപകന്റെ ലൈംഗിക ചൂഷണത്തിനിരയായി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ച നിലയിൽ. ഡൽഹി മന്ദിർമാർഗ് പൊലീസ് സ്‌റ്റേഷനിലാണ് ഇടതുപക്ഷ വിദ്യാർഥി സംഘടനകളിൽപ്പെട്ട 27ഓളം പേരെ തടഞ്ഞുവച്ചത്. ഇതിൽ 20 പേരും പെൺകുട്ടികളാണ്.
തടവിലായ വിദ്യാർഥിനികളിൽ മൂന്ന് പേരുടെ തിരിച്ചറിയൽ കാർഡ് പൊലീസ് പിടിച്ചുവെച്ചിരിക്കുകയാണ്. ഭക്ഷണവും വെള്ളവും നൽകാതെയും പ്രാഥമിക കർമ്മങ്ങൾക്ക് അനുവദിക്കാതെയുമാണ് വിദ്യാർഥികളെ തടവിലിട്ടിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന വിദ്യാർഥികളും ആർത്തവത്തിലുള്ള വിദ്യാർഥിനികളും തടവിലാക്കപ്പെട്ടവരിലുണ്ട്.
വിദ്യാർഥിനിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹി ഒഡീഷ ഭവനിലേക്ക് മാർച്ച് ചെയ്ത വിദ്യാർഥികളെ പൊലീസ് ക്രൂരമായി നേരിടുകയായിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.
മർദ്ദനത്തിൽ വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റിറ്റുണ്ട്. അറസ്റ്റ് ചെയ്ത നൂറോളം വിദ്യാർഥികളെ കാപ്പഷെരെ, മന്ദിർമാർഗ് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയതായാണ് വിവരം. വിദ്യാർഥി പ്രതിഷേധത്തെ അടിച്ചമർത്താൻ നിരവധി പെലീസുകാരെയാണ് ഡൽഹിയിലെ ബിജെപി സർക്കാർ സ്ഥലത്ത് നിയോഗിച്ചത്.










0 comments