കുതിരപ്പുറത്ത് കയറരുത്, സംഗീതം പാടില്ല, ദളിത് യുവാക്കളുടെ വിവാഹഘോഷയാത്രയ്ക്ക് നേരെ കല്ലേറ്

Representational Images
മഥുര: ദളിത് സഹോദരന്മാരുടെ വിവാഹഘോഷയാത്ര സവർണ്ണ സമുദായക്കാർ താമസിക്കുന്ന പ്രദേശത്തിലൂടെ കടന്നുപോയതിനെച്ചൊല്ലി ഉത്തർപ്രദേശിലെ മഥുരയിൽ വൻ സംഘർഷം. മഥുരയിലെ ഹൈവേ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നർഹൗലി ഗ്രാമത്തിൽ ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം.
സവര്‍ണ്ണ സമുദായക്കാര്‍ താമസിക്കുന്ന പ്രദേശത്തുകൂടി ഘോഷയാത്ര കടന്നു പോയപ്പോൾ വീടുകളുടെ മേൽക്കൂരകളിൽ നിന്ന് കല്ലേറ് നടത്തി ഓടിക്കാൻ ശ്രമിച്ചു. ഇതിനെ ചോദ്യം ചെയ്തതിൽ പ്രകോപിതരായി ആക്രമണം അഴിച്ചു വിട്ടു. തൊട്ടുപിന്നാലെ ഇരുവിഭാഗങ്ങളും സംഘടിച്ച് എത്തി തെരുവിൽ ഏറ്റുമുട്ടി. അക്രമത്തിൽ 70 വയസ്സുള്ള വൃദ്ധയ്ക്കും സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
ഗോവർദ്ധൻ മേഖലയിലെ ഭർണ കലാനിൽ നിന്നുള്ള അശോക്, കുൽദീപ് എന്നീ ദളിത് സഹോദരന്മാരുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ഘോഷയാത്രയാണ്. തൊട്ടടുത്ത നർഹൗലി ഗ്രാമത്തിലെ ലക്ഷ്മി, പൂനം എന്നീ സഹോദരിമാരെയാണ് ഇവർ വിവാഹം കഴിക്കുന്നത്. പരമ്പരാഗത വിവാഹഘോഷയാത്ര കടന്നു പോകുമ്പോൾ കല്ലെറിഞ്ഞ് ഓടിക്കയായിരുന്നു. സവർണ്ണ വിഭാഗക്കാർ താമസിക്കുന്ന പ്രദേശത്ത് കൂടി ദളിത് വിഭാഗങ്ങളുടെ ഘോഷയാത്ര നടത്തി എന്നതാണ് പ്രകോപനം.
കല്ലേറുണ്ടായതോടെ വിവാഹ സംഘവും തിരിച്ചടിച്ചു. പ്രദേശത്തെ ഒരു മധുരപലഹാരക്കട തല്ലിത്തകർത്തു. വിവരം അറിഞ്ഞ് സവര്‍ണ വിഭാഗത്തിൽപ്പെട്ട ആളുകൾ വധുവിന്റെ വീട്ടിൽ അതിക്രമിച്ചുകയറി വിവാഹത്തിനായി കരുതിവെച്ചിരുന്ന സ്ത്രീധന സാധനങ്ങളും മറ്റ് സാമഗ്രികളും നശിപ്പിച്ചതായി വധുവിന്റെ സഹോദരൻ നഹർ സിങ് നൽകിയ പരാതിയിൽ പറയുന്നു. വിവരമറിഞ്ഞ് ആദ്യം സംഭവസ്ഥലത്തെത്തിയ ചെറിയൊരു പോലീസ് സംഘത്തിന് നേരെയും അക്രമമുണ്ടായി. അക്രമികൾ വടികളുമായി പോലീസിനെ നേരിടുകയും അവരെ അടിച്ചോടിക്കാൻ ശ്രമിക്കുകയും ചെയ്തു.
സംഘർഷത്തിൽ സന്തോഷി (70) എന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് നില വഷളായതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. കനത്ത കല്ലേറിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, ഒരു പോലീസ് ഇൻസ്പെക്ടർ, ഔട്ട്‌പോസ്റ്റ് ഇൻ-ചാർജ്, വരന്മാരുടെ പിതാവ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സവര്‍ണ വിഭാഗങ്ങളുടെ അക്രമം ഭയന്ന് വധുക്കളും മറ്റ് സ്ത്രീകളും ഭീതിയോടെ തെരുവിലേക്ക് ഓടിയിറങ്ങേണ്ടി വന്നു.
സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ എസ്പി സിറ്റി രാജീവ് കുമാർ സിംഗിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി. അക്രമികളെ പിരിച്ചുവിടാൻ തോതിൽ ബലം പ്രയോഗിച്ചു. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ ഇതിൽ വിവാഹ ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞവര്‍ ഉൾപ്പെട്ടോ എന്ന് വ്യക്തമല്ല. ഘോഷയാത്രയ്ക്കിടയിൽ കടക്കാരനുമായി ഉണ്ടായ തർക്കമാണ് കല്ലേറിൽ കലാശിച്ചതെന്നാണ് പോലീസ് അവകാശപ്പെടുന്നത്.
കടുത്ത സംഘർഷാവസ്ഥ തുടര്‍ന്നതോടെ രാത്രി വൈകി കനത്ത പോലീസ് സുരക്ഷയിലാണ് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്. ദളിത് ഗ്രാമത്തിൽ വൻ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
കുതിരപ്പുറത്ത് കയറരുത്, ഘോഷയാത്ര നടത്തരുത്
ബറാത്ത് എന്ന പേരിലുള്ള കുതിര സവാരി ദളിത് വിവാഹ ഘോഷയാത്രയുടെ ഭാഗമാണ്. എന്നാൽ കുതിരപ്പുറത്ത് കയറിയുള്ള യാത്ര സവര്‍ണ്ണ വിഭാഗങ്ങൾ അനുവദിക്കുന്നില്ല. ഘുഡ്ചഡി എന്നു വിളിക്കുന്ന ഈ പ്രൗഡി ഉയർന്ന ജാതിക്കാരുടെ മാത്രം അവകാശമായി എതിര്‍ക്കപ്പെടുന്നു. കഴിഞ്ഞ മാസവും ഉത്തര്‍ പ്രദേശിൽ സമാനമായ രീതിയിൽ വിവാഹ ഘഷയാത്ര ആക്രമിക്കപ്പെട്ടു. ഡി ജെയും ഉച്ചത്തിലുള്ള സംഗീതവും ഉപയോഗിച്ചു എന്ന പേരിൽ ആക്രമണങ്ങളെ ന്യായീകരിക്കാറാണ് പതിവ്.
ഇത്തരം സാഹചര്യങ്ങളിൽ ദളിത് കുടുംബങ്ങൾ മുൻകൂട്ടി തന്നെ പോലീസ് സംരക്ഷണവും നിയമസഹായവും തേടുന്ന രീതി കൈക്കൊണ്ടിട്ടും ആക്രമണങ്ങൾ തുടരുന്നു. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നതിന് പകരം, ഗ്രാമത്തിൽ "ക്രമസമാധാനം ഉറപ്പാക്കുക" എന്ന പേരിൽ പോലീസ് പലപ്പോഴും ഇരകളാക്കപ്പെടുന്നവരോട് തന്നെ വിട്ടുവീഴ്ചകൾ ആവശ്യപ്പെടുന്നു. കുതിരസവാരി ഒഴിവാക്കാനോ, ഘോഷയാത്രയുടെ വഴി മാറ്റാനോ, ഡി.ജെ ഒഴിവാക്കാനോ ദളിത് കുടുംബങ്ങളോട് ആവശ്യപ്പെടുന്ന സമീപനമാണ്.










0 comments