ഓട്ടിസത്തിന് സ്‌റ്റെം സെൽ ചികിത്സ പാടില്ല; ക്രമക്കേടായി കണക്കാക്കേണ്ടി വരുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഓട്ടിസം ഭേദമാക്കുന്നതിനായി സ്‌റ്റെം സെൽ തെറാപ്പി ചികിത്സയെന്ന നിലയിൽ നൽകുന്നത് ക്രമക്കേടായി കണക്കാക്കേണ്ടി വരുമെന്ന് സുപ്രീംകോടതി. ഓട്ടിസത്തിന് സ്‌റ്റെം സെൽ ചികിത്സയാകാമെന്നതിന് ശാസ്‌ത്രീയ പിന്തുണയില്ല. കൃത്യമായ തെളിവോടെയുള്ള ശരിയായ ചികിത്സാരീതിയായി സ്‌റ്റെം സെൽ ചികിത്സയെ അംഗീകരിച്ചിട്ടുമില്ല. എന്നാൽ ഗവേഷണ ലക്ഷ്യങ്ങളോടെയുള്ള ക്ലിനിക്കൽ ട്രയലുകൾക്കായി സ്‌റ്റെം സെൽ ചികിത്സാരീതി പ്രയോജനപ്പെടുത്താം– ജസ്‌റ്റിസുമാരായ ജെ ബി പർദിവാലയും ആർ മഹാദേവനും വിധിച്ചു. സ്‌റ്റെം സെൽ ചികിത്സയിലൂടെ ഓട്ടിസം ഭേദഗപ്പെടുത്താമെന്ന വ്യാപകമായ പ്രചാരണവും പ്രോത്‌സാഹനവും തടയണമെന്ന ഹർജികൾ പരിഗണിച്ചാണ് ഉത്തരവ്.
അംഗീകൃത ക്ലിനിക്കൽ ട്രയലുകൾക്ക് പുറമെ ഇത്തരം ചികിത്സകൾ നൽകുന്നത് ചികിത്സാ പിഴവായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കി. ചികിത്സയെക്കുറിച്ച് കൃത്യമായ ശാസ്ത്രീയ വിവരങ്ങൾ നൽകാതെ രോഗികളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വാങ്ങുന്ന സമ്മതപത്രത്തിന് നിയമസാധുതയില്ല. ഫലപ്രാപ്തി തെളിയിക്കപ്പെടാത്ത ഒരു കാര്യത്തിന് സമ്മതം വാങ്ങുന്നത് തെറ്റായ കീഴ്‍വഴക്കമാണ്.
നിലവിൽ ഈ ചികിത്സ എടുത്തു കൊണ്ടിരിക്കുന്ന രോഗികളെ പെട്ടെന്ന് ഒഴിവാക്കരുത്. പകരം, അവരെ കൃത്യമായ മാനദണ്ഡങ്ങളുള്ള ക്ലിനിക്കൽ ട്രയലുകളുടെ ഭാഗമാക്കി മാറ്റി തുടർചികിത്സ ഉറപ്പാക്കാൻ നാഷണൽ മെഡിക്കൽ കമീഷനോടും എയിംസിനോടും കോടതി നിർദേശിച്ചു.
ഓട്ടിസം ചികിത്സയിൽ സ്റ്റെം സെൽ തെറാപ്പി ഫലപ്രദമാണെന്നോ സുരക്ഷിതമാണെന്നോ തെളിയിക്കുന്ന ശാസ്ത്രീയ രേഖകൾ നിലവിലില്ലെന്ന് ഐസിഎംആർ, ഡബ്ല്യുഎച്ച്ഒ തുടങ്ങിയ സംഘടനകൾ മുൻപേ വ്യക്തമാക്കിയിട്ടുണ്ട്.










0 comments