വാങ്‌ചുക് രാജ്യദ്രോഹിയെന്ന് കേന്ദ്രം; പാക് ബന്ധമാരോപിച്ച് ഡിജിപി

കർഫ്യൂ തുടരുന്ന ലേ നഗരത്തിലെ കാഴ്ച

സ്വന്തം ലേഖകൻ
Published on Sep 28, 2025, 12:04 AM | 1 min read
ന്യൂഡൽഹി: ലഡാക്കിൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സാമൂഹ്യപ്രവർത്തകൻ സോനം വാങ്‌ചുക്കിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കാൻ കേന്ദ്രസർക്കാർ ശ്രമം. വാങ്‌ചുക്കിന് പാകിസ്ഥാൻ ബന്ധമുണ്ടെന്ന് ആരോപിച്ച് ലഡാക്ക് ഡിജിപി രംഗത്തെത്തി. വാങ്‌ചുക്കുമായി ബന്ധമുള്ള പാക് പൗരനെ പിടികൂടിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഡിജിപി എസ് ഡി സിങ് ജാംവാൾ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. ഡിജിപിയുടെ വാർത്താസമ്മേളനം ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണെന്ന് റിപ്പോർട്ടുണ്ട്. വാങ്‌ചുക്കിനെ ലഡാക്കിൽനിന്ന് ജോധ്‌പുർ ജയിലിൽ ഏകാന്ത തടവിലടച്ചു.
വാങ്‌ചുക് ഇൗവർഷം ആദ്യം പാകിസ്ഥാൻ സന്ദർശിച്ചിരുന്നുവെന്ന് ഡിജിപി പറഞ്ഞു. ഡോൺ ദിനപത്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തു. ബംഗ്ലാദേശും സന്ദർശിച്ചിട്ടുണ്ട്. പാക് സ്വദേശിയെ കഴിഞ്ഞദിവസം പിടികൂടി. ഇയാൾ വാങ്‌ചുക്കിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് ‘അപ്പുറത്ത്’ അറിയിച്ചിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ സുരക്ഷാനിയമം ചുമത്തിയത്. വാങ്‌ചുക്കിന്റെ വിദേശ ബന്ധങ്ങളെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും ഡിജിപി അവകാശപ്പെട്ടു.
അറബ് വസന്തം, ബംഗ്ലാദേശിലെയും ശ്രീലങ്കയിലെയും നേപ്പാളിലെയും പ്രക്ഷോഭങ്ങൾ തുടങ്ങിയവ ചൂണ്ടിക്കാട്ടി വാങ്‌ചുക് ജനങ്ങളെ ഇളക്കി. നിരാഹാര സമരകേന്ദ്രത്തിലേക്ക് ആറായിരത്തോളം പേരെത്തി. ഇതിൽ ചില നേപ്പാളുകാരും ഉൾപ്പെട്ടു. കേന്ദ്രസേനയും പൊലീസും സ്വയംരക്ഷാർഥമാണ് വെടിയുതിർത്തത്. വാങ്‌ചുക്കിനെ പോലുള്ള പരിസ്ഥിതിപ്രവർത്തകരെന്നും മറ്റും അവകാശപ്പെടുന്ന സംശയിക്കപ്പെടേണ്ട വ്യക്തികൾ ലഡാക്കിലെ സമരത്തെ റാഞ്ചിയെടുക്കുകയാണുണ്ടായത്– ഡിജിപി ആരോപിച്ചു.
ലഡാക്കിൽ നാലാംദിവസവും കർഫ്യൂ തുടർന്നു. പൊലീസ് വെടിവെയ്‌പ്പിൽ നാലുപേർ കൊല്ലപ്പെട്ടതിന് പുറമെ വാങ്‌ചുക് അറസ്‌റ്റിലാവുക കൂടി ചെയ്‌തതോടെ ജനങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. കൂടുതൽ കേന്ദ്രസേനയെയും പൊലീസിനെയും വിന്യസിച്ച് എതിർപ്പുകളെ അടിച്ചമർത്താനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. കരസേനയുടെ വടക്കൻ കമാൻഡിന്റെ ചുമതലയുള്ള ലഫറ്റനന്റ്. ജനറൽ പ്രതീക് ശർമ ശനിയാഴ്ച ലെഫ്. ഗവർണർ കവീന്ദർ ഗുപ്‌തയുമായി കൂടിക്കാഴ്‌ച നടത്തി.









0 comments