സോനം വാങ്‌ചുക്കിന് അനുവദിച്ച സ്ഥലം തിരിച്ചെടുത്തു ; പ്രകോപനവുമായി ലഡാക്ക് ഭരണസംവിധാനം

ന്യൂഡൽഹി
ലഡാക്ക് ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി പോരാടുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ സർവകലാശാലയ്‌ക്ക് അനുവദിച്ച സ്ഥലം തിരിച്ചെടുത്ത് ലഡാക്ക് ഭരണസംവിധാനത്തിന്റെ പ്രകോപനം.
വാങ്‌ചുക്കിന്റ സ്ഥാപനമായ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് ലേണിങിന്(എച്ച്‌ഐഎഎൽ) 2018ൽ ഫൈവാങ് ഗ്രാമത്തിൽ അനുവദിച്ച എട്ട് ഹെക്‌ടറാണ് ഡെപ്യൂട്ടി കമീഷണർ ഉത്തരവിലൂടെ തിരിച്ചെടുത്തത്. തന്നെ വേട്ടയാടുകയാണെന്ന് വാങ്‌ചുക്ക് പ്രതികരിച്ചു. ഉത്തരവിനെതിരെ ലഡാക്ക് ജനതയ്‌ക്കിടയിലും അമർഷം പുകയുകയാണ്. അനുവദിച്ച ആവശ്യത്തിനല്ല ഭൂമി ഉപയോഗിക്കുന്നതെന്നും സ്ഥാപനത്തിന് ഒരു സർവകലാശാലയും അംഗീകാരം നൽകിയിട്ടില്ലെന്നുമാണ് അധികൃതരുടെ വാദം. 40 വർഷത്തെ പാട്ടത്തിന് നൽകിയ ഭൂമിയാണ് പൊടുന്നനെ തിരിച്ചെടുക്കുന്നത്.
വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത രജിസ്റ്റർ ചെയ്‌ത കമ്പനിയാണ് എച്ച്‌ഐഎഎൽ എന്ന് വാങ്‌ചുക്ക് പറഞ്ഞു. ലഡാക്കിലെ നേതാക്കളുടെ ഏകകണ്ഠമായ തീരുമാനപ്രകാരമായിരുന്നു സ്ഥാപനം രൂപീകരിച്ചത്. സാധാരണ സർവകലാശാലയല്ല. മറിച്ച് പർവതങ്ങളെക്കുറിച്ചാണ് എച്ച്‌ഐഎഎൽ പഠിപ്പിക്കുന്നത്. 400 വിദ്യാർഥികളുടെ ബിരുദദാന ചടങ്ങുകൾ ഇതുവരെ നടത്തി. നാലുവർഷമായി പാട്ടത്തുക സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. പാട്ടനയം രൂപീകരിക്കാത്തതാണ് കാരണമെന്നാണ് അവർ പറയുന്നത്. അതിനാൽ പാട്ടത്തുക അടച്ചില്ലെന്ന വാദം നിലനിൽക്കില്ല –വാങ്‌ചുക്ക് വ്യക്തമാക്കി.
ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയ കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയ നടപടിക്കുപിന്നാലെ വലിയ പ്രക്ഷോഭങ്ങൾ വാങ്‌ചുക്കിന്റെ നേതൃത്വത്തിൽ നടന്നിരുന്നു. ലഡാക്കിന്റെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന വാങ്‌ചുക്കിനെ നിശബ്‌ദമാക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് ലേ അപെക്‌സ് ബോഡി സഹ -ചെയർമാൻ ചെറിങ് ഡോർജെ പറഞ്ഞു. ലഡാക്ക് എംപി ഹനീഫ ജാനും നടപടിയെ അപലപിച്ചു.









0 comments