വാങ്ചുക്കിന്റെ മോചനത്തിനായി രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി
ലഡാക്കിന്റെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതിന് കേന്ദ്രസര്‍ക്കാര്‍ ജയിലിലടച്ച പരിസ്ഥിതി പ്രവർത്തകൻ സോനംവാങ്ചുക്കിനെ നിരുപാധികം മോചിപ്പിക്കണമെന്ന ആവശ്യം ശക്തമായി. ഗാന്ധിജയന്തി ദിനത്തിൽ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പ്രതിഷേധം നടന്നു. ജോധ്‌പുർ കലക്‌ട്രേറ്റിന് മുന്നിൽ സാമൂഹ്യപ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും വൻ പ്രതിഷേധമുയര്‍ത്തി. കഴിഞ്ഞദിവസം ജോധ്‌പുർ സെൻട്രൽ ജയിലിൽ കഴിയുന്ന വാങ്‌ചുക്കിനെ സന്ദർശിക്കാനെത്തിയ സിപിഐ എം പ്രതിനിധി സംഘത്തെ പൊലീസ് തടഞ്ഞത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി.
ഗുരുഗ്രാമിൽ ‘പീപ്പിൾ ഫോർ അരാവലി ’ ബാനറിന് കീഴിൽ നൂറുകണക്കിന് ആളുകൾ അണിനിരന്ന വലിയ മാർച്ചും ധർണയും നടന്നു. ബംഗളൂരുവിലും വാങ്ചുക്കിന് വേണ്ടി നിരവധി പേർ ബാനറുകളും പ്ലക്കാർഡുകളുമായി രംഗത്തിറങ്ങി. ചെന്നെൈ കാമരാജ് സ്‌മാരകം, ഹൈദരാബാദ് അംബേദ്‌കർ പ്രതിമ, അരുണാചൽപ്രദേശിലെ ഇറ്റാനഗർ, ഉത്തരാഖണ്ഡിലെ നൈനിറ്റാൾ, ഡെറാഡൂൺ, ജമ്മുവിലെ മഹാരാജ ഹരിസിങ് പാർക്ക് , മഹാരാഷ്രയിൽ മുംബൈ, മധ്യപ്രദേശിൽ ഭോപ്പാൽ തുടങ്ങിയ സ്ഥലങ്ങളിലും വാങ്ചുക്കിനെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം അരങ്ങേറി. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. യുഎൻ പരിസ്ഥിതികാര്യ ഗുഡ്‌വിൽ അംബാസഡറായ ബോളിവുഡ് നടി ദിയാമിർസ വാങ്ചുക്കിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തമായതോടെ ഭാര്യ ഗീതാഞ്ജലി ആങ്മോ, സഹോദരൻ, ലേ അപ്പക്സ് ബോഡി നിയമോപദേഷ്ടാവ് എന്നിവര്‍ക്ക് ജയിലിലെത്തി വാങ്ചുക്കിനെ കാണാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയതായി റിപ്പോര്‍ട്ടുണ്ട്.









0 comments