print edition ബിഎൽഒമാർ വീടുകളിലേക്ക് : എസ്‌ഐആർ നടപടി തുടങ്ങി


സ്വന്തം ലേഖകൻ
Published on Nov 05, 2025, 12:04 AM | 2 min read
തിരുവനന്തപരം: സംസ്ഥാനത്ത് വോട്ടർപ്പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ (എസ്ഐആർ) ഭാഗമായുള്ള നടപടികൾ തുടങ്ങി. 2.78 കോടി പേരാണ് പട്ടികയിലുള്ളത്. ഇവരെല്ലാം എന്യൂമറേഷൻ ഫോം ഒപ്പിട്ട് നൽകണം. ഇതിനായി ബിഎൽഒമാർ വീടുകളിൽ എത്തിത്തുടങ്ങി.
ക്യൂആർ കോഡുള്ള ഫോമിൽ ഫോട്ടോ ഒട്ടിക്കാൻ സൗകര്യമുണ്ട്. ഇത് നിർബന്ധമല്ല. ഡിസംബർ നാലുവരെയാണ് സമയം. ഫോം പൂരിപ്പിച്ച് നൽകുമ്പോൾ രസീത് കൈമാറും. ഫോം നൽകിയവരെ കരട് പട്ടികയിൽ ഉൾപ്പെടുത്തും. പിന്നീടാണ് സൂക്ഷ്‌മ പരിശോധന. വിദേശത്തുള്ളവരുടെ ഫോം അടുത്ത ബന്ധുക്കൾക്ക് ഒപ്പിട്ടുനൽകാം.
2002ലെ പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് നടപടി. 2002ലെയും 2025ലെയും പട്ടികയിൽ ഉൾപ്പെട്ടവർ എന്യൂമറേഷൻ ഫാേമിനൊപ്പം രേഖകൾ സമർപ്പിക്കേണ്ടതില്ല. 2025ലെ പട്ടികയിലുള്ളവരും 2002ലെ പട്ടികയിൽ ഉൾപ്പെടാത്തവരും, മാതാപിതാക്കൾ 2002ലെ പട്ടികയിലുണ്ടെങ്കിൽ രേഖ സമർപ്പിക്കേണ്ട. മാതാപിതാക്കളുടെ വോട്ടർ വിശദാംശങ്ങൾ ഫോമിൽ ചേർക്കണം. അപേക്ഷകനോ മാതാപിതാക്കളോ 2002 ലെ പട്ടികയിൽ ഇല്ലാത്തവരുടെ കാര്യത്തിലാണ് കമീഷൻ നിഷ്‌കർഷിച്ച 12 രേഖകളിലൊന്ന് സമർപ്പിക്കേണ്ടി വരിക.
വീടുകയറിയുള്ള വിവരശേഖരണ ഘട്ടത്തിൽ രേഖ നൽകേണ്ടതില്ല. നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് ഹാജരായാൽ മതിയാകും. 1200 വോട്ടർമാർക്ക് ഒരു ബിഎൽഒ എന്ന നിലയിലാണ് ക്രമീകരണം. ഡിസംബർ ഒമ്പതിന് കരടു വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ജനുവരി എട്ടുവരെ പരാതി അറിയിക്കാം. ഫെബ്രുവരി ഏഴിന് അന്തിമ പട്ടിക പുറത്തിറക്കും.
സർവകക്ഷി യോഗം ഇന്ന്
തിരുവനന്തപുരം: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) കേരളത്തിലും നടപ്പാക്കാനുള്ള നടപടി തെരഞ്ഞെടുപ്പ് കമീഷൻ ആരംഭിച്ചിരിക്കെ സംസ്ഥാന സർക്കാർ വിളിച്ചുചേർക്കുന്ന സർവകക്ഷി യോഗം ബുധനാഴ്‌ച. വൈകിട്ട് 4.30നാണ് ഓൺലൈൻ യോഗം.
ദീര്‍ഘകാല തയ്യാറെടുപ്പും കൂടിയാലോചനയും ഇല്ലാതെയുള്ള വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയ്‌ക്ക് പിന്നിലുള്ളത്, പൗരത്വത്തെ മതാധിഷ്‌ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമം പൊടിതട്ടിയെടുക്കാനുള്ള ശ്രമമാണെന്നാണ് കേരളത്തിന്റെ നിലപാട്. അതത് കാലത്ത് വോട്ടർപ്പട്ടിക പുതുക്കുന്നതിനാൽ ബിഹാർ മോഡൽ എസ്‌ഐആർ കേരളത്തിൽ വേണ്ട എന്ന അഭിപ്രായമാണ് ബിജെപി ഒഴികെയുള്ള എല്ലാ രാഷ്‌ട്രീയപാർടികൾക്കും.
എസ്‌ഐആറിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്നതിനാൽ ധൃതിപിടിച്ചുള്ള എസ്‌ഐആർ ഒഴിവാക്കണമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത, രാഷ്‌ട്രീയ പാർടികളുടെ യോഗത്തിൽ പാർടി പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സിഇഒ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചെങ്കിലും അംഗീകരിച്ചില്ല.









0 comments