സിഖ് കൂട്ടക്കൊലയും ഇന്ദിരാ ഗാന്ധിയുടെ ബ്ലൂസ്റ്റാറും; ചിദംബരം പറയാതെ പറഞ്ഞത്

തെറ്റായ നിലപാട് സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതെന്ന് കൂടിയാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ പി ചിദംബരം തന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ദിര ഗാന്ധിയെ താഴ്ത്തിക്കെട്ടുന്ന പരാമർശത്തിനെതിരെ ഉടനടി കോൺഗ്രസ് രംഗത്തു വന്നു. തന്റെ തെറ്റിന് അവർ ജീവൻ നൽകേണ്ടി വന്നുവെന്നും ചിദംബരം പ്രസ്താവനയില്‍ കൂട്ടിച്ചേർത്തിരുന്നു. തുടര്‍ന്ന് കോൺഗ്രസ് ക്യാമ്പ് ചിദംബരത്തെ തള്ളിയതിനൊപ്പം ബിജെപിക്കനുകൂലമായി പ്രസ്താവന നടത്തുന്ന വ്യക്തി എന്നും ചിദംബരത്തെ വിമർശിച്ചു. ക്രിമിനൽ കേസുകൾ തള്ളുമ്പോൾ ബിജെപിയെ തൃപ്തിപ്പെടുത്തേണ്ടി വരും എന്നായിരുന്നു കോൺഗ്രസിന്റെ മറുപടി.
ചിദംബരത്തിന്റെ പരാമർശത്തിൽ ബിജെപിയും വിമർശനവുമായി രംഗത്ത് വന്നതോടെ ബീഹാറടക്കം വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സമയത്തുണ്ടായ വിവാദ പ്രസ്താവന കോൺഗ്രസിൽ വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ദിര ചെയ്ത തെറ്റിൽ നിന്നുമാണ് ഒരു വലിയ ദുരന്തം രാജ്യത്തുണ്ടായതെന്നും ആ ദുരന്തം ഒരു വംശത്തിൽ ഇപ്പോഴും നിലനിൽക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് വളക്കൂറായെന്നും രാഷ്ട്രീയ നിരീക്ഷകർ മുന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇന്ദിരാഗാന്ധിയെ കുറ്റപ്പെടുത്തിയുള്ള ചിദംബരത്തിന്റെ പരാമർശം അതിനാൽ തന്നെ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുമെന്നുറപ്പായിരിക്കുന്നു. സിഖ് കലാപത്തിനുള്ള കാരണം ബ്ലൂ സ്റ്റാർ ഓപ്പറേഷൻ എന്ന തെറ്റായിരുന്നു എന്ന് ചിദംബരം പറയാതെ പറഞ്ഞുവെച്ചുകഴിഞ്ഞു

ലോകം കണ്ട കൂട്ടക്കൊലകളിൽ പ്രധാനപ്പെട്ട ഒന്ന് എന്നതിന് കാരണം തങ്ങളുടെ അനിഷേധ്യ നേതാവ് ചെയ്ത തെറ്റായിരുന്നു എന്ന ചിദംബരത്തിന്റെ പ്രസ്താവനയിൽ നിന്നും കോൺഗ്രസിന് മുക്തി നേടാൻ ചെറുതായൊന്നും വിയർപ്പൊഴുക്കിയാൽ മതിയാകില്ല. സിഖുകാരെ കൊന്ന നടപടി സംബന്ധിച്ച് ചിദംബരം മൗനം പാലിക്കുമ്പോഴും അദ്ദേഹത്തിന്റെ പ്രസ്താവനയിൽ മുഴുവൻ കാര്യങ്ങളുമാണ് ഉൾച്ചേർന്നിരിക്കുന്നത്.
അതേസമയം, ഇന്ത്യയുടെ മതേതര സ്വഭാവത്തിന് വലിയ വിള്ളൽ വീഴ്ത്തിയ സംഭവം തന്നെയായിരുന്നു സിഖ് കൂട്ടക്കൊല എന്ന കാര്യത്തിൽ സംശയമില്ല. അതിൽ നിന്നും കോൺഗ്രസ് പാർട്ടിക്ക് ഒരുകാലത്തും ഒഴിഞ്ഞുമാറാനാകില്ല.സർക്കാർ തന്നെ സ്പോൺസർ ചെയ്ത കുറ്റകൃത്യമായിരുന്നു എന്ന പ്രത്യേകതയും അതിനുണ്ടായിരുന്നു. ഇരകൾക്ക് നീതി പോലും ലഭിക്കാത്ത സാഹചര്യത്തിലൂടെ പിന്നീട് കാലങ്ങളോളം കാര്യങ്ങൾ മുന്നോട്ടുപോയി. മറുവശത്ത് രാജ്യത്താകെയുള്ള വിവിധ മാധ്യമങ്ങൾ വിഷയത്തിൽ ആഴത്തിൽ ഇടപെടുന്നതും കാണാനായി.. കൂട്ടക്കൊല സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ അവർ പുറത്തുകൊണ്ടുവന്നു.
കോൺഗ്രസ് എത്ര ക്രൂരമായ നടപടിയാണ് സ്വീകരിച്ചത് എന്ന് ലോകം അറിഞ്ഞ ദിവസങ്ങൾ. ഇന്ത്യയിലെ രണ്ട് ശതമാനം മാത്രം വരുന്ന മതവിഭാഗമാണ് സിഖുകാർ. ആയുധങ്ങളും മണ്ണെണ്ണയുമായി ഇറങ്ങിയവർ വീട്ടിൽ നിന്നും കാറിൽ നിന്നും ട്രെയിനിൽ നിന്നുവരെ അവരെ വലിച്ചിറക്കി, കൂട്ടക്കൊല നടത്തി. ചിലരെ ജീവനോടെ കത്തിച്ചു. സിഖ് വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു, പതിനായിരക്കണക്കിന് സിഖ് വീടുകളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ വസ്തുവകകൾ കൊള്ളയടിച്ചു. ഡൽഹിയിൽ മാത്രം 72 സിഖ് ഗുരുദ്വാരകൾ അഗ്‌നിക്കിരയാക്കി. അക്രമികളിൽ നിന്ന് രക്ഷപ്പെടുത്താൻ ചുരുങ്ങിയത് 50,000 പേരെയെങ്കിലും മാറ്റിപ്പാർപ്പിച്ചു എന്നാണ് കണക്ക്. ഉത്തരേന്ത്യയിലെ മറ്റ് നഗരങ്ങളിലും സിഖുകാർ അക്രമിക്കപ്പെട്ടു.
'ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയുടെ തലസ്ഥാനത്താണ് ഇത്തരം സംഭവം ഉണ്ടായത്. ഡൽഹി പോലീസിന്റെയും ഭരണക്കൂടത്തിന്റെയും പങ്കും കൂടിയായതോടെ ലോകത്തിന് മുന്നിൽ ഇന്ത്യയ്ക്ക് തലതാഴ്‌ത്തേണ്ടി വന്നിരിക്കുകയാണ് - 2009ൽ കലാപവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതി വിധിയിൽ പറഞ്ഞതിങ്ങനെയായിരുന്നു.
എന്തായാലും സിഖ് വിരുദ്ധ കലാപം പല സിഖ് തീവ്രവാദ ഗ്രൂപ്പുകളുടേയും ഉദയത്തിനാണ് കാരണമായത്. ഡൽഹിയിലും പഞ്ചാബിലും മാത്രമല്ല കാനഡയിൽ പോലും അത് വ്യാപകമായി. സിഖ് വിരുദ്ധ കലാപത്തിന് ശേഷമാണ് കാനഡയിൽ നിന്നും ഡൽഹിയിലേക്ക് വരികയായിരുന്ന ബോയിംഗ് 747 കനിഷ്‌കാ വിമാനം സിഖ് തീവ്രവാദ ഗ്രൂപ്പുകൾ ബോംബിട്ട് തകർത്തത്. 329 പേരാണ് അന്ന് മരിച്ചത്. ഡൽഹിയിൽ ഖലിസ്താൻ കമാൻഡോ ഫോഴ്സ്, ഖാലിസ്താൻ ലിബറേഷൻ ഫോഴ്സ് തുടങ്ങിയ സംഘടനകൾ ശക്തിപ്രാപിച്ചു. കലാപത്തിന് ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന കോൺഗ്രസ് നേതാവ് ലളിത് മാക്കനേയും ഭാര്യ ഗീതാഞ്ജലി മാക്കൻ എന്നിവരെ വെടിവെച്ച് കൊന്നതും സിഖ് ഗ്രൂപ്പുകളായിരുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ ബ്ലൂസ്റ്റാർ. ക്ഷേത്രത്തിൽ തമ്പടിച്ചിരുന്ന ഖലിസ്താൻ വിഘടനവാദ നേതാവ് ജർണെയിൽ സിങ് ഭിന്ദ്രൻവാലയെയും അനുയായികളെയും ഒഴിപ്പിക്കാൻ നടത്തിയ നിർണായക നീക്കമായിരുന്നു അത്.
ഖലിസ്താൻ എന്ന പേരിൽ സിഖ് പരമാധികാരമുള്ള രാജ്യം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. 1984 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ സുവർണക്ഷേത്രസമുച്ചയത്തിൽ ത്രിവർണ പതാകയ്ക്ക് പകരം ഖലിസ്താൻ പതാകയാണുയർത്തിയത്. സിഖ് പരമാധികാരമുള്ള രാഷ്ട്രം വേണമെന്നാവശ്യപ്പെട്ട് 1984 ജൂൺ മൂന്നിന് പ്രക്ഷോഭമാരംഭിക്കുമെന്ന പ്രഖ്യാപനം വന്നതോടെ കേന്ദ്രം കടുത്ത നടപടികളിലേക്ക് നീങ്ങി. അങ്ങനെയാണ് ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് ഉത്തരവാകുന്നത്.









0 comments