നാഷണൽ ഹെൽത്ത് പോളിസി നിർദ്ദേശങ്ങൾ പോലും പാലിക്കാനായില്ല

പൊതുജനാരോഗ്യ സംവിധാനങ്ങൾ തകർന്നു: സി എ ജി റിപ്പോർട്ടിൽ ഉലഞ്ഞ് 'വൈബ്രൻ്റ് ' ഗുജറാത്ത്

gujarath failure
avatar
സ്വന്തം ലേഖകൻ

Published on Mar 29, 2025, 12:50 PM | 2 min read

അഹമദാബാദ്: ഗുജറാത്തിൽ പൊതുജനാരോഗ്യ സംവിധാനങ്ങൾ സമ്പൂർണ തകർച്ചയിലെന്ന് കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്. ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ക്ഷാമവും ആരോഗ്യ രംഗത്തെ അടിസ്ഥാന വികസന കാര്യങ്ങളിലെ അലംഭാവവും കാരണം ഗ്രാമപ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള സംവിധാനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. വെള്ളിയാഴ്ച നിയമസഭയിൽ വെച്ച സി എ ജി റിപ്പോർട്ട് വ്യക്തമാക്കുന്നു.


സംസ്ഥാനത്തെ 33 ജില്ലകളിൽ 19 എണ്ണത്തിലും ആവശ്യത്തിന് ഡോക്ടർമാരോ, പാരാമെഡിക്കൽ സ്റ്റാഫുകളോ, ആരോഗ്യവകുപ്പ് ജീവനക്കാരോ ഇല്ല. ആരോഗ്യ മേഖലയുടെ വികസനത്തിനായി പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്ന പ്രഖ്യാപനം വർഷങ്ങളായി നടപ്പാക്കാതെ തുടരുകയാണ്. ആരോഗ്യ മേഖലയുടെ ബജറ്റ് വിഹിതം എട്ട് ശതമാനമായി വർധിപ്പിക്കണമെന്ന് 2017 മുതൽ ആവർത്തിക്കുന്ന നാഷണൽ ഹെൽത്ത് പോളിസി നിർദേശം ഇതുവരെ സർക്കാരിന് നടപ്പാക്കാനായില്ല.


പൊതുജനാരോഗ്യ രംഗത്തെ അവഗണിക്കുന്ന സർക്കാർ നയം സ്വകാര്യ മേഖല ചൂഷണം ചെയ്യുകയാണ്. സാധാരണക്കാർക്ക് അത്യാവശ്യ ചികിത്സ പോലും തേടുക ചിലവേറിയതായി തുടരുന്നു.


സി എ ജി റിപ്പോർട്ട് പ്രകാരം 23 ശതമാനം ഡോക്ടർമാരുടെ കുറവ് നിലനിൽക്കുന്നു. അത്രയും തന്നെ പാരാമെഡിക്കൽ ജീവനക്കാരുടെ തസ്തികകളും ഒഴിച്ചിട്ടിരിക്കുന്നു. നഴ്സുമാർ ആവശ്യമായതിലും ആറ് ശതമാനം കുറവാണ്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ലഭ്യത പകുതി മാത്രമാണ്. ജില്ലാ ആശുപത്രികളിൽ പോലും 36 ശതമാനം തസ്തികകളിൽ ഡോക്ടർമാരെ ലഭ്യമല്ല. ഉപജില്ലാ കേന്ദ്രങ്ങളിലെ നിയമനങ്ങളിൽ 51 ശതമാനം സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ കുറവാണ്. പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യ വിദഗ്ധർ ആവശ്യമായ കുട്ടികളുടെയും അമ്മമാരുടെയും ആശുപത്രികളിൽ 28 ശതമാനം തസ്തികളിലും ആളില്ല.


നഴ്സിങ്ങ് സംവിധാനങ്ങൾ കുത്തഴിഞ്ഞ സാഹചര്യമാണ്. നഴ്സിങ് പഠനം തന്നെ അവതാളത്തിലാണ്. നഴ്സിങ് പഠന കേന്ദ്രങ്ങളുടെ പ്രവർത്തനം ഇന്ത്യൻ നഴ്സിങ് കൌൺസിൽ നിബന്ധനകൾ ബാധകമല്ലെന്ന നിലയിലാണ്. ഇവിടെ നിർദ്ദിഷ്ട അധ്യാപകരുടെയും ജീവനക്കാരുടെയും കുറവ് 76 ശതമാനമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.


ലബോറട്ടറികളിൽ പരിശോധനാ ഫലങ്ങളിൽ 55 ശതമാനവും സമയത്തിന് ലഭിക്കുന്നില്ല. ദേശീയ ആരോഗ്യ പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട 8, 208 തസ്തികകളിൽ നിയമനം പോലും നടത്താൻ സർക്കാരിന് ഇതുവരെ കഴിഞ്ഞില്ലെന്നും ചൂണ്ടികാണിക്കുന്നു.


സംസ്ഥാനത്തെ 19 ജില്ലാ അശുപത്രികളിൽ ആവശ്യമായ ആംബുലൻസ് സർവ്വീസ് പോലും ലഭ്യമല്ല. ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിന് 2016 മുതൽ 2022 വരെ അനുവദിക്കപ്പെട്ട നിർമ്മാണ പ്രവർത്തികൾ 24 ശതമാനം വരെ മാത്രമാണ് പൂർത്തീകരിച്ചത്. 5,332 പദ്ധതികളിൽ 70 ശതമാനവും സർക്കാർ മേൽനോട്ടമില്ലാതെ ഉപേക്ഷിക്കപ്പെട്ട സാഹചര്യമാണെന്നും സി എ ജി റിപ്പോർട്ടിലെ കണക്കുകൾ കാണിക്കുന്നു. പൊതു ജനാരോഗ്യ കേന്ദ്രങ്ങളിൽ ഇതു കാരണം ആവശ്യത്തിന് കെട്ടിടങ്ങളോ കിടക്കകളോ ഇല്ലാതെ രോഗികൾ നിസ്സഹായതയുമായി മല്ലടിക്കുന്ന സാഹചര്യമാണ്.


അത്യാഹിത വിഭാഗം, ഇൻ്റൻസിവ് കെയർ യൂണിറ്റ്, ഓപ്പറേഷൻ തിയേറ്റർ, രക്ത ബാങ്ക് എന്നിവയുടെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. 13 ജില്ലാ ആശുപത്രികളിൽ മാത്രമാണ് അടിയന്തര ചികിത്സാ സൗകര്യം ലഭ്യമായിട്ടുള്ളൂ. പീഡിയാട്രിക് വിഭാഗം പ്രത്യേക ശസ്ത്രക്രിയ തിയേറ്റർ എന്നിവ സംസ്ഥാനത്തെ മൂന്ന് സിവിൽ ആശുപത്രികളിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. 19 ജില്ലകളിലും രക്ത ബാങ്ക് പ്രവർത്തനം നാമമാത്രമാണെന്ന് കണ്ടെത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.


ഗുജറാത്ത് മെഡിക്കൽ കൌൺസിലിലും ഗുജറാത്ത് നഴ്സിങ് കൌൺസിലിലും 2019 മുതൽ അംഗങ്ങളെ നിയമിച്ചിട്ടില്ല. രണ്ട് കൌൺസിലുകളുടെയും കാലാവധി ആ വർഷം അവസാനിച്ചതാണ്. 80, 614 ഡോക്ടർമാർ ഗുജറാത്ത് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള ഈ സംവിധാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത് പ്രക്ടീസ് തുടരുന്നുണ്ട്. 91, 479 രജിസ്റ്റേർഡ് നഴ്സുമാരുണ്ട്. പക്ഷെ സാധുവായ നഴ്സിങ് കൌൺസിൽ നിലവിലില്ല. ഈ ഭാഗത്ത് സി എ ജി നിശിതമായ ഭാഷ ഉപയോഗിക്കുന്നുണ്ട്.


ഗുജറാത്തിനെ വികസന കാര്യത്തിൽ രാജ്യത്തെ ഒന്നാംനിര സംസ്ഥാനമായി മാറ്റുമെന്ന് കഴിഞ്ഞ വർഷം നിക്ഷേപക സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. വൈബ്രന്റ് ഗുജറാത്ത് എന്ന പ്രചാരണം തുടരുന്നതിനിടെയാണ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ റിപ്പോർട്ട് തന്നെ ഇതിന്റെ യഥാർത്ഥവശം പുറത്ത് കൊണ്ടു വരുന്നത്.


ഇപ്പോഴും ബജറ്റിന്റെ 5.34 ശതമാനം മാത്രമാണ് ഗുജറാത്ത് സംസ്ഥാനം പൊതുജനാരോഗ്യ പരിരക്ഷണ മേഖലകളിൽ ചിലവഴിക്കുന്നത്. ദേശീയാരോഗ്യ മിഷൻ നിർദ്ദേശിച്ചിട്ടുള്ളത് എട്ട് ശതമാനമാണ്. പക്ഷെ, സ്വകാര്യ ആശുപത്രികൾ ഇതോടൊപ്പം തഴച്ചു വളരുകയും സാധാരണക്കാരന് ചികിത്സ ചിലവേറിയതും മിക്കപ്പോഴും അപ്രാപ്യവുമായി തുടരുകയും ചെയ്യുന്നു.









deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home