വിദ്യാർഥികളെ ശത്രുക്കളായി കാണുന്ന ഡൽഹി അംബേദ്കർ സർവകലാശാല അധികാരികളുടെ നടപടി അവസാനിപ്പിക്കണം: എസ്എഫ്ഐ

ന്യൂഡൽഹി : വിദ്യാർഥികൾക്കെതിരെ സ്വീകരിക്കുന്ന ശത്രുതാപരമായ നടപടികളിൽ നിന്ന് ഡൽഹി അംബേദ്കർ സർവകലാശാല അധികാരികൾ വിട്ടുനിൽക്കണമെന്നും സർവകലാശാലയുടെ ജനാധിപത്യ അന്തരീക്ഷം പുനസ്ഥാപിക്കണമെന്നും എസ്എഫ്ഐ കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാർഥി യൂണിയന്റെ തെരഞ്ഞെടുക്കപ്പെട്ട ട്രഷറർ ശരണ്യ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഷെഫാലി, ശുഭോജിത്ത് എന്നിവരെയാണ് പുറത്താക്കിയിരിക്കുന്നത്. ഇവർക്ക് പുറമെ, നാദിയ എന്ന വിദ്യാർഥിനിയെ നേരത്തെ പുറത്താക്കിയിരുന്നു. എസ്എഫ്ഐ പ്രവർത്തകരായ അജയ്, കീർത്തന എന്നിവരെ ഉപരിപഠനത്തിനായി യൂണിവേഴ്സിറ്റിയിൽ വീണ്ടും പ്രവേശനം നേടുന്നതിൽ നിന്നും ഇതിനോടകം വിലക്കേർപ്പെടുത്തിക്കഴിഞ്ഞു.
ഈ വർഷം ഫെബ്രുവരിയിലാണ് യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരായ നടപടികൾ ആരംഭിച്ചത്. എബിവിപി പ്രവർത്തകർ ഒരു ബിരുദ വിദ്യാർഥിനിയെ റാഗിംഗ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും തുടർന്ന് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത ഗുരുതരമായ കേസ് എസ്എഫ്ഐ ശക്തമായി ഏറ്റെടുത്തിരുന്നു.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഉജ്ജ്വല വിജയം നേടിയ ദിവസം എബിവിപിക്കും സർവകലാശാലയ്ക്കും എതിരായ ശബ്ദങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി പ്രോക്ടർ മൂന്ന് പ്രവർത്തകരെ സസ്പെൻഡ് ചെയ്തു. ആർഎസ്എസ് നേതാവും ക്യാമ്പസിലെ പ്രോക്ടറുമായ സത്യകേതു സങ്കൃത്തിന്റെ നേതൃത്വത്തിലുള്ള ബോർഡും വൈസ് ചാൻസലർ അനു സിംഗ് ലാതറും നടത്തിയ ഗൂഢാലോചനയാണ് നടപടികൾക്ക് പിന്നിൽ.
വിദ്യാർഥി അവകാശങ്ങൾക്കും കാമ്പസുകളിലെ ജനാധിപത്യ അന്തരീക്ഷത്തിനും നേരെയുള്ള ആക്രമണത്തിന്റെ ഉദാഹരണമാണ് ഈ സംഭവം. ഡൽഹിയിൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഇത് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഈ ശത്രുതാപരമായ നടപടികളിലൂടെ കാമ്പസിനുള്ളിലെ എസ്‌എഫ്‌ഐയെയും വിദ്യാർഥി സമൂഹത്തെയും അടിച്ചമർത്താൻ കഴിയില്ലെന്ന് ബിജെപി-ആർഎസ്‌എസ് പിന്തുണയുള്ള യൂണിവേഴ്സിറ്റി അധികൃതർ മനസിലാക്കണം. വരും ദിവസങ്ങളിൽ അധികാരികൾ വിദ്യാർഥി പ്രതിരോധത്തിന്റെ ചൂട് അറിയും. കാമ്പസുകൾക്കുള്ളിൽ നടക്കുന്ന ഇത്തരം ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങളെ ചെറുത്തുതോൽപ്പിക്കാൻ വിദ്യാർഥി സമൂഹത്തോടും ജനാധിപത്യ ജനതയോടും എസ്എഫ്ഐ ആഹ്വാനം ചെയ്യുന്നതായി അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിയും ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യയും പ്രസ്താവനയിൽ പറഞ്ഞു.









0 comments