ഹരിയാനയിൽ സ്കൂൾ പ്രിൻസിപ്പാളിനെ വിദ്യാർഥികൾ കുത്തിക്കൊലപ്പെടുത്തി

ചണ്ഡീഗഡ് : ഹരിയാനയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പാളിനെ വിദ്യാർഥികൾ കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ഹിസാറിലുള്ള പ്രൈവറ്റ് സ്കൂളിലാണ് സംഭവം. മുടി മുറിക്കാത്തതിനും അച്ചടക്ക ലംഘനത്തിനും അധ്യാപകൻ വിദ്യാർഥികളെ വഴക്കു പറഞ്ഞിരുന്നതായും ഇതിന്റെ ദേഷ്യത്തിലാണ് കൊല നടത്തിയതെന്നുമാണ് പ്രാഥമിക വിവരം. പതിനഞ്ചുവയസ് പ്രായമുള്ള കുട്ടികളാണ് കൊല നടത്തിയത്.
മുടി മുറിച്ച ശേഷം സ്കൂളിൽ വരാനും അച്ചടക്കം പാലിക്കാനും പ്രിൻസിപ്പാള്‍ കുട്ടികളോട് നിരന്തരമായി പറഞ്ഞതിൽ പ്രകോപിതരായാണ് വിദ്യാർഥികൾ പ്രിൻസിപ്പാളിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് ഹാൻസി എസ്പി അമിത് യശ്വർധൻ പറഞ്ഞു. ഇരുവരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. വ്യാഴം രാവിലെ 10:30 ഓടെയാണ് ആക്രമണമുണ്ടായത്. വിദ്യാർഥികളുടെ ആക്രമണത്തിൽ അധ്യാപകന് നിരവധി കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അധ്യാപകനെ ഹിസാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും പൊലീസ് കണ്ടെടുത്തു.
അധ്യാപകന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അധ്യാപകനും രണ്ട് വിദ്യാർഥികളും ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ്.









0 comments