യുപിയിലെ ഇടിച്ചുനിരത്തല്‍ മനഃസാക്ഷിയെ നടുക്കി: സുപ്രീംകോടതി


സ്വന്തം ലേഖകൻ
Published on Mar 26, 2025, 01:02 AM | 1 min read
ന്യൂഡൽഹി :നടപടിക്രമങ്ങൾ പാലിക്കാതെ പ്രയാഗ്‌രാജിൽ അഞ്ചുവീടുകൾ ബുൾഡോസർ കൊണ്ട് തകർത്ത യുപി സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. മനഃസാക്ഷിയെ നടുക്കുന്നതാണ് നടപടിയെന്നും കോടതി നിരീക്ഷിച്ചു. അന്തിമ വിധിക്ക് വിധേയമായി ഈ വീടുകൾ പുനർനിർമിക്കാൻ അനുമതി നൽകുമെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
പൊലീസ് കസ്‌റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട അതീഖ് അഹമ്മദിന്റെ കൈയേറ്റമാണെന്നാരോപിച്ചാണ് വീടുകൾ 2021ൽ ബുൾഡോസർ കൊണ്ട് തകർത്തത്. നോട്ടീസ് നൽകി 24 മണിക്കൂറിനകം വീടുകൾ പൊളിച്ചത് അംഗീകരിക്കാനാകില്ലന്ന് സുപ്രീംകോടതി നിലപാടെടുത്തു. ഒരു നടപടിക്രമവും യുപി സർക്കാർ പാലിച്ചിട്ടില്ല. ഒരിക്കൽ ഇതനുവദിച്ചാൽ നിങ്ങളിത് വീണ്ടും തുടരും–-കോടതി രോഷംകൊണ്ടു. പൊളിക്കലിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിന് പിന്നാലെ 2021 മാർച്ച് ആറിന് രാത്രി നോട്ടീസ് നൽകി. പിറ്റേന്ന് വീടുകൾ ഇടിച്ചുനിരത്തി. ഹർജിക്കാരുടെ മറുപടിപോലും കേൾക്കാൻ തയ്യാറാകാത്തതും കോടതിയെ ചൊടിപ്പിച്ചു.









0 comments