ad
Deshabhimani

ഓർക്കസ്ട്രകളിലും ഡാൻസ് ട്രൂപ്പുകളിലും കുട്ടിത്തൊഴിലാളികൾ; ഹര്‍ജിയിൽ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

Human trafficking
വെബ് ഡെസ്ക്

Published on May 25, 2026, 03:02 PM | 2 min read

ന്യൂഡൽഹി: ഓർക്കസ്ട്രകൾ, ഡാൻസ് ട്രൂപ്പുകൾ, മസാജ് പാർലറുകൾ, സ്പാകൾ എന്നിവയിൽ കുട്ടികളെയും കൗമാരക്കാരെയും ജോലിക്ക് നിയോഗിക്കുന്നത് പൂർണ്ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടി. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ എം പാഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര മന്ത്രാലയങ്ങൾക്കും മനുഷ്യാവകാശ-ബാലാവകാശ കമ്മീഷനുകൾക്കും നോട്ടീസ് അയച്ചത്.


കേന്ദ്ര തൊഴിൽ മന്ത്രാലയം, നിയമ-നീതി മന്ത്രാലയം, ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചിട്ടുള്ളത്. 'ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ്' (JRCA) എന്ന സംഘടനയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ എച്ച്എസ് ഫൂൽക്കയാണ് കോടതിയിൽ ഹാജരായത്.


കുട്ടികളെ അശ്ലീലമായോ ചൂഷണപരമായോ ചിത്രീകരിക്കുന്ന ഇത്തരം സാഹര്യങ്ങൾ തൊഴിൽ നിയമത്തിന്റെ 'പാർട്ട് എ' യിലെ അപകടകരമായ തൊഴിലുകൾ എന്ന വിഭാഗത്തിലേക്ക് മാറ്റി 18 വയസ്സിൽ താഴെയുള്ളവരുടെ ജോലി പൂർണ്ണമായും നിരോധിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.



നിയമത്തിൽ പഴുതുകൾ

കൂട്ടാക്കാതെ കേന്ദ്രസര്‍ക്കാര്‍


1986-ലെ ബാല-കൗമാര തൊഴിൽ-നിരോധനവും നിയന്ത്രണവും- നിയമത്തിലെ (CALPRA) വിടവുകൾ മനുഷ്യക്കടത്തുകാർ ചൂഷണം ചെയ്യുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടികാട്ടി. നിയമം ഇടക്കാലത്ത് പരിഷ്കരിച്ചിരുന്നു എങ്കിലും ഈ വിഭാഗങ്ങളെ കുറിച്ച് പരാമര്‍ശമോ നിയന്ത്രണ ശ്രമങ്ങളോ ഉണ്ടായില്ല. കേന്ദ്ര സര്‍ക്കാര്‍ ഈ ഭാഗം തന്നെ ഗൗരവത്തിൽ എടുക്കാതെ വിടുകയായിരുന്നു.


നിലവിൽ മസാജ് പാർലറുകളും സ്പാകളും ഈ നിയമത്തിന്റെ 'പാർട്ട് ബി'യിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 14 മുതൽ 18 വയസ്സുവരെയുള്ള കൗമാരക്കാരുടെ ജോലി ഇതുപ്രകാരം പൂർണ്ണമായി നിരോധിച്ചിട്ടില്ല, മറിച്ച് 'നിയന്ത്രിക്കുക' മാത്രമാണ് ചെയ്യുന്നത്. ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപകമായ ഓർക്കസ്ട്ര, ഡാൻസ് ട്രൂപ്പ് മേഖലകൾ ഹര്‍ജിയിൽ പരാമര്‍ശിക്കുന്നു. അവയെ ഈ നിയമത്തിന്റെ പരിധിയിൽ എവിടെയും ഉൾപ്പെടുത്തിയിരുന്നില്ല എന്നും ഉദാഹരണമായി ചൂണ്ടികാണിക്കുന്നു.


മനുഷ്യക്കടത്തിന്റെ

തുറന്നിട്ട വാതിലുകൾ


വെൽനസ്, വിനോദ മേഖലകളുടെ മറവിൽ രാജ്യത്തുടനീളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനും നിർബന്ധിത തൊഴിലിനും ഇരയാക്കുന്നതായി ഹർജിയിൽ ആരോപിക്കുന്നു.


ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഓർക്കസ്ട്രകളിൽ നിന്നും ഡാൻസ് ഗ്രൂപ്പുകളിൽ നിന്നുമായി 212 കുട്ടികളെ രക്ഷപെടുത്തിയ സംഭവം ഉണ്ടായിരുന്നു. ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലെ സ്പാകളിൽ നിന്നും മസാജ് പാർലറുകളിൽ നിന്നുമായി 12 കുട്ടികളെ ഇതുപോലെ രക്ഷപ്പെടുത്തിയിരുന്നു. ഇവയിൽ എല്ലാം നിയത്തിലെ പഴുതുകൾ ക്രിമിനൽ ബിസിനസുകൾ ചെയ്യുന്നവര്‍ക്ക് തുണയാവുകയാണ്.


traffikking


പകുതിയും പ്രായപൂര്‍ത്തിയാകാത്തവര്‍


ദാരിദ്ര്യ പശ്ചാത്തലമുള്ള കുടുംബങ്ങളിൽ നിന്ന് ഗ്ലാമർ ലോകവും നൃത്ത പരിശീലനവും വാഗ്ദാനം ചെയ്താണ് 12 വയസ്സ് മാത്രം പ്രായമുള്ള കുട്ടികളെപ്പോലും മാഫിയകൾ കെണിയിൽ പെടുത്തുന്നത്. 10,000 മുതൽ 50,000 രൂപ വരെ നൽകി ഇവരെ വാങ്ങിക്കുന്ന സാഹചര്യമാണ്. ഇവരെ മദ്യപിച്ചെത്തുന്ന സദസ്സിന് മുന്നിൽ ലൈംഗിക ചുവയുള്ള വസ്ത്രങ്ങൾ ധരിപ്പിച്ച് നൃത്തം ചെയ്യിക്കാൻ നിർബന്ധിക്കുകയുമാണ് പതിവ്.


ഇന്ത്യയിലെ മനുഷ്യക്കടത്തിന് ഇരയാകുന്നവരിൽ 44.04 ശതമാനവും പ്രായപൂർത്തിയാകാത്തവരാണെന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ (BIRD) 2023-ലെ പഠന റിപ്പോർട്ടും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home