'പേടിച്ചിട്ടാണോ അതോ വിശ്വാസം കോണ്ട് തന്നെയാണോ?' ആർഎസ്‌എസ് പരിപാടിയിൽ സൽമാൻ ഖാന്റെ സാന്നിധ്യത്തെക്കുറിച്ച് സഞ്ജയ് റാവത്ത്

മുംബൈ: മുംബൈയിൽ ആർഎസ്എസ് സംഘടിപ്പിച്ച ശതാബ്ദി ആഘോഷ പരിപാടിയിൽ ബോളിവുഡ് താരം സൽമാൻ ഖാൻ പങ്കെടുത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. രൂക്ഷമായ ഭാഷയിലാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇതിനെതിരെ രംഗത്തെത്തിയത്. സൽമാൻ ഖാന്റെ സാന്നിധ്യം ആത്മാർത്ഥമായ ഒന്നാണോ അതോ വല്ലവരുടെയും നിർബന്ധത്തിനോ ഭീഷണിക്കോ വഴങ്ങിയാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആർഎസ്എസിലേക്ക് മുസ്ലിം വിഭാഗത്തെ ആകർഷിക്കാനുള്ള വെറും തന്ത്രമാണോ ഇതെന്നും, അതല്ലെങ്കിൽ ജനങ്ങളെ പരിപാടിയിലേക്ക് എത്തിക്കാനുള്ള ഒരു വഴി മാത്രമാണോ നടന്റെ സാന്നിധ്യമെന്നും റാവത്ത് വാർത്താസമ്മേളനത്തിൽ സംശയം പ്രകടിപ്പിച്ചു.
സൽമാൻ ഖാൻ അവിടെ വന്നത് സ്വന്തം താൽപ്പര്യപ്രകാരമല്ല, മറിച്ച് സമ്മർദ്ദം മൂലമാണെന്ന് റാവത്ത് ആരോപിക്കുന്നു. പരിപാടിക്കിടയിൽ ആളുകൾ പരസ്പരം രഹസ്യമായി പറയുന്നത് കേട്ടു എന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്ത് ചെയ്യും ഭായ്, പോകേണ്ടി വരും" എന്നാണ് ആളുകൾക്കിടയിലെ സംസാരമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ അധികാരമുള്ളവരുടെ ഭീഷണി ഭയന്നാണോ ഇത്തരം പ്രമുഖർ ഇത്തരം വേദികളിൽ എത്തുന്നതെന്നും ചോദിച്ചു.
ബിജെപിയുടെ അധികാരം നഷ്ടപ്പെട്ടാൽ, സൽമാനെപ്പോലുള്ള പ്രമുഖർ നിങ്ങളുടെ വേദിയിൽ അപ്പോഴും വരുമോ എന്നും അദ്ദേഹം പരിഹാസത്തോടെ ചോദിച്ചു. മുസ്ലിം വിരുദ്ധ രാഷ്ട്രീയം പറഞ്ഞിരുന്ന ആർഎസ്എസിന്റെ നിലപാടുകളെക്കൂടി അദ്ദേഹം പരിഹസിച്ചു.










0 comments