print edition ഫോണില്‍ സഞ്ചാർ സാഥി ആപ് ; പ്രതിരോധത്തിലായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി
മൊബൈൽ ഫോണിൽ "സഞ്ചാര്‍ സാഥി' ആപ്പ് ഉൾപ്പെടുത്താനുള്ള നീക്കം പൗരരെ നിരീക്ഷിക്കാനുള്ള കുതന്ത്രമാണെന്ന വിമർശം ശക്തമായതോടെ മോദി സർക്കാർ പ്രതിരോധത്തിലായി. പ്രതിപക്ഷ പാർടികളും വിദഗ്‌ധരും ആശങ്ക അറിയിച്ചതിനൊപ്പം സ്‌മാർട്ട് ഫോൺ നിർമാണ കന്പനികളും നീക്കത്തെ എതിർത്തു. പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം ശക്തമായി പ്രതിഷേധമുയർത്തിയതോടെ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരണവുമായി രംഗത്തെത്തി. ആപ്പ് നിർബന്ധമില്ലെന്നും ഉപയോക്താക്കൾക്ക് ആവശ്യമില്ലെങ്കിൽ നീക്കാമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ആപ്പ് ഉൾപ്പെടുത്താൻ ഫോൺ കന്പനികൾക്ക് നിർദേശം കൈമാറിയിട്ടുണ്ടോ എന്നതിൽ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല. നീക്കാൻ കഴിയാത്തവിധം ആപ്പ് ഉൾപ്പെടുത്തണമെന്ന് സ്‌മാർട്ട് ഫോൺ നിർമാണ കന്പനികൾക്ക് രഹസ്യ നിർദേശം നൽകിയെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തത്.
ഇസ്രയേൽ ചാര സോഫ്‌റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെയടക്കം നിരീക്ഷിക്കാൻ കേന്ദ്രം ശ്രമിച്ചെന്ന ആരോപണം നിലനിൽക്കെയാണ് ദുരൂഹ നീക്കം. സിപിഐ എം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസ് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ഫോണുകളിൽ കേന്ദ്ര ആപ്പ് നിർബന്ധമാക്കുന്നത് ഭരണഘടനാപരവും പൗരാവകാശപരവുമായ ഗുരുതര ആശങ്ക ഉയർത്തുന്നുണ്ട്. വാട്‌സ്‌ആപ്പ്, ടെലഗ്രാം, സ്‌നാപ്‌ചാറ്റ് ഉൾപ്പെടെയുള്ള മെസേജിങ് ആപ്പുകൾ സിം ഇല്ലെങ്കിൽ പ്രവർത്തിക്കാതിരിക്കാനുള്ള (സിം ബൈൻഡിങ്) നീക്കവുംകൂടി പരിഗണിക്കുന്പോൾ ആശങ്ക വർധിക്കുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു.
സർക്കാർ നിര്‍ദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ആപ്പിൾ ഉൾപ്പെടെയുള്ള മൊബൈൽ കന്പനികള്‍. സഞ്ചാര്‍ സാഥി ആപ്പ് ഫോണിൽ മുൻകൂട്ടി ഉൾപ്പെടുത്തണമെന്നുള്ള നിർദേശം പാലിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാരിനെ ആപ്പിൾ അറിയിച്ചതായാണ് വിവരം. വിവര ചോർച്ചയടക്കമുള്ള ആശങ്കയുണ്ടെന്നും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള ആവശ്യങ്ങൾ ലോകത്ത് ഒരിടത്തും തങ്ങൾ നടപ്പാക്കാറില്ലെന്നുമാണ് ആപ്പിൾ നിലപാടറിയിച്ചത്.









0 comments