സമഗ്രശിക്ഷ പദ്ധതി: കേന്ദ്ര ഫണ്ട് തടയുന്നതിനെിരെ തമിഴ്നാട് സുപ്രീംകോടതിയെ സമീപിക്കും

ചെന്നൈ: സമഗ്ര ശിക്ഷ (എസ്എസ്) പദ്ധതി പ്രകാരം ലഭിക്കേണ്ട 2,152 കോടി രൂപ തടഞ്ഞുവച്ച കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. പിഎം ശ്രീ പദ്ധതിയുമായി സമഗ്രശിക്ഷാ പദ്ധതി ഫണ്ട് ബന്ധപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മേഖലയിലുള്ള കേന്ദ്ര വിഹിതം ഉടൻ കൈമാറണമെന്ന് പാർലമെന്ററി സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്.
സമഗ്ര ശിക്ഷ പദ്ധതി പ്രകാരം 2,152 കോടി രൂപയാണ് തമിഴ്നാടിന് കേന്ദ്ര വിഹിതം ലഭിക്കേണ്ടത്. ഫണ്ട് തടഞ്ഞത് സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് പരാതി നൽകിയിരുന്നു. ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചെങ്കിലും കേന്ദ്രം ഫണ്ട് അനുവദിച്ചില്ല. മറ്റൊരു കേന്ദ്ര പദ്ധതിയായ പിഎം ശ്രീയ്ക്കുള്ള ധാരണാപത്രത്തിൽ തമിഴ്‌നാട് ഒപ്പുവെച്ചാൽ മാത്രമേ ഫണ്ട് അനുവദിക്കൂ എന്ന നിലപാടിലായിരുന്നു കേന്ദ്രം.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്ര വിഹിതം നൽകേണ്ടതാണെന്നും തടഞ്ഞുവയ്ക്കാൻ മറ്റ് കാരണങ്ങളൊന്നും ഇല്ലെന്നും കഴിഞ്ഞമാസം ദിഗ്വിജയ് സിങ് അധ്യക്ഷനായ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നു. ഇതും തമിഴ്നാട് സർക്കാർ സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.









0 comments