1999ൽ ബിജെപി ഭരണത്തിൽ കാണ്ഡഹാർ വിമാന റാഞ്ചൽ പ്രതികൾക്ക് സംരക്ഷണമൊരുക്കിയത് അക്കാലത്തെ താലിബാൻ സർക്കാർ
താലിബാന് കൈകൊടുത്ത് മോദി

എം പ്രശാന്ത്
Published on May 17, 2025, 12:00 AM | 1 min read
ന്യൂഡൽഹി
ഭീകരസംഘടന താലിബാനുമായി സൗഹൃദം ദൃഢപ്പെടുത്തി മോദി സർക്കാർ. അഫ്‌ഗാനിലെ താലിബാൻ ഇടക്കാല സർക്കാരിൽ വിദേശമന്ത്രിയായ മൗലവി അമീർ ഖാൻ മുത്താഖിയുമായി വിദേശമന്ത്രി എസ് ജയ്‌ശങ്കർ ഫോണിൽ സംസാരിച്ചു. 2021 ആഗസ്‌തിൽ താലിബാൻ അഫ്‌ഗാൻ ഭരണം പിടിച്ചശേഷം ആദ്യമായാണ് ഇരുരാജ്യവും തമ്മിൽ മന്ത്രിതല ഇടപെടൽ. മോദി താലിബാൻ സർക്കാരുകൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാന്‍ ധാരണയായി. അഫ്‌ഗാനിലെ താലിബാൻ ഇടക്കാല സർക്കാരിനെ മോദി സർക്കാർ വൈകാതെ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
താലിബാൻ മന്ത്രിയുമായി നല്ല സംഭാഷണം നടത്താനായെന്നും പഹൽഗാം ആക്രമണത്തെ അപലപിച്ച താലിബാനെ അഭിനന്ദിക്കുന്നെന്നും ജയ്‌ശങ്കർ സമൂഹമാധ്യമത്തിൽ കുറിച്ചു. താലിബാൻ സർക്കാരുമായി അടുക്കാൻ ബിജെപി സർക്കാർ അടുത്ത കാലത്തായി പല വഴിയും തേടുന്നുണ്ട്. മുതിർന്ന നയതന്ത്രജ്ഞരെ കാബൂളിലയച്ച് താലിബാൻ നേതാക്കളുമായി ചർച്ച നടത്തി. ജനുവരിയിൽ ദുബായിൽ വിദേശ സെക്രട്ടറി വിക്രം മിസ്രി നയിച്ച ഇന്ത്യൻ സംഘവും മുത്താഖിയുടെ നേതൃത്വത്തിലുള്ള അഫ്‌ഗാൻ സംഘവും കൂടിക്കാഴ്‌ച നടത്തി. അമ്പതിനായിരം ടൺ ഗോതമ്പും 300 ടൺ മരുന്നും 40,000 ലിറ്റർ കീടനാശിനിയും ലക്ഷക്കണക്കിന് പോളിയോ–- കോവിഡ് വാക്‌സിൻ ഡോസുകളും മറ്റും മോദി സർക്കാർ താലിബാൻ സർക്കാരിന് നൽകി. ഇറാനിലെ ചബഹാർ തുറമുഖ വികസനം, അഫ്‌ഗാൻ പൗരൻമാർക്ക് കൂടുതൽ വിസകൾ, ഇന്ത്യയിൽനിന്ന് കൂടുതൽ സഹായം തുടങ്ങിയവയിലാണ് താലിബാന് താൽപ്പര്യം. ഡൽഹിയടക്കം ഇന്ത്യയിലെ അഫ്‌ഗാൻ നയതന്ത്ര കാര്യാലയങ്ങളും മോദി സർക്കാർ താലിബാൻ സർക്കാരിനായി തുറന്നുകൊടുത്തിരുന്നു.
1999ൽ ബിജെപി ഭരണകാലത്ത് കാണ്ഡഹാർ വിമാന റാഞ്ചലുണ്ടായപ്പോൾ റാഞ്ചികൾക്ക് സംരക്ഷണമൊരുക്കിയത് അക്കാലത്തെ താലിബാൻ സർക്കാരായിരുന്നു. അജിത് ഡോവലടക്കമുള്ള ഉദ്യോഗസ്ഥർ കാണ്ഡഹാറിലെത്തി ബന്ധികളെ മോചിപ്പിക്കണമെന്ന് അഭ്യർഥിച്ചിട്ടും താലിബാൻ വഴങ്ങിയില്ല. പിന്നീട് മസൂദ് അസറടക്കം ഇന്ത്യൻ ജയിലിൽ കഴിഞ്ഞിരുന്ന മൂന്ന് ഭീകരരെ അന്നത്തെ വിദേശമന്ത്രി ജസ്വന്ത് സിങ് കാണ്ഡഹാറിലെത്തിച്ച് താലിബാന് കൈമാറുകയായിരുന്നു. തുടർന്നാണ് മസൂദ് അസർ ജെയ്‌ഷെ മുഹമദ് എന്ന ഭീകരസംഘടന രൂപീകരിച്ച് ഇന്ത്യയിൽ അനവധി ഭീകരാക്രമണങ്ങൾ നടത്തിയത്.









0 comments